Kerala News

പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടി

പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹ‍ർജി സുപ്രീം കോടതി തളളി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നായിരുന്നു ഗ്രീഷ്മയുടെ വാദം. എന്നാൽ ഈ വാദം നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് മാത്രമേ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ കഴിയൂവെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ സമാനമായ ഹർജി ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഗ്രീഷ്മയുമായി അടുപ്പത്തിലായിരുന്ന ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിലും ജ്യൂസിലും വിഷം കൊടുത്തു കൊന്നുവെന്നാണ് കേസ്. ഗ്രീഷ്മയും ഷാരോണും പ്രണയത്തിലായിരുന്നു. 2022 ഒക്ടോബർ 14നു ഗ്രീഷ്മ വീട്ടിൽ വിളിച്ചു വരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകിയെന്നാണ് കേസ്. ഗുരുതരാവസ്ഥയിലായ ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ 2022 ഒക്ടോബർ 25നു മരിച്ചു.

ഷാരോണിന്റെ മരണം വിവാദമായതോടെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാറും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് ഇതേ കേസിൽ ഇവരെയും പൊലീസ് പ്രതി ചേ‍ത്തിട്ടുണ്ട്. കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു ഗ്രീഷ്മ നൽകിയ ഹർജി സുപ്രീം കോടതി കഴിഞ്ഞ ഒക്ടോബറിൽ തള്ളിയിരുന്നു.

Related Posts

Leave a Reply