പാര്‍ലമെന്റിന്റെ അഞ്ചുദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. തിങ്കളാഴ്ച പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ ചരിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ് നടക്കുക. ഗണേശ ചതുര്‍ഥി ദിനമായ ചൊവ്വാഴ്ച മുതലാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സമ്മേളനം. പ്രത്യേക പൂജയ്ക്കുശേഷം ആകും പുതിയ പാര്‍ലമെന്റിലെ സമ്മേളനം ആരംഭിക്കുന്നത്. പുതിയ പാര്‍ലമെന്റിലെയ്ക്ക് മാറുന്നതിന് മുന്നോടിയായ് എംപിമാരുടെ ഗ്രൂപ്പ് ഫോട്ടോ സെഷനും ഉണ്ടാകും. ഞായറാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലും പ്രത്യേക സമ്മേളനത്തില്‍ മറ്റ് എന്തെങ്കിലും അജണ്ടയുള്ളതായി സര്‍ക്കാര്‍ അറിയിച്ചില്ല. സര്‍വകക്ഷി യോഗത്തില്‍ വിതരണം ചെയ്ത ബില്ലുകളില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അംഗങ്ങളുടെ നിയമനാധികാരം സമ്പന്ധിച്ച ബില്ലും ഉള്‍പ്പെട്ടിരുന്നില്ല. പ്രതിപക്ഷാംഗങ്ങള്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ ഈ ബില്ലും പരിഗണിക്കുമെന്ന മറുപടിയുണ്ടായത്. വനിതാ സംവരണ ബില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ആദ്യ സമ്മേളനത്തില്‍ പരിഗണിക്കണമെന്ന ആവശ്യം സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്നിരുന്നു. വനിത സംവരണ ബില്ലിനെ പിന്തുണച്ച് ബിജെപി ഘടകക്ഷികള്‍ രംഗത്തെത്തി. ബില്ല് 20ന് പരിഗണിക്കാനാണ് സാധ്യത. ഇന്ന് മുതല്‍ ഈ മാസം 22 വരെയാണ് പാര്‍ലമെന്റ് പ്രത്യേക സമ്മേളനം നടക്കുക.