India News

പാമ്പുകടിയേറ്റ 13 വയസ്സുകാരി എട്ടു കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു

ചെന്നൈ: പാമ്പുകടിയേറ്റ 13 വയസ്സുകാരി എട്ടു കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. ധർമപുരി ജില്ലയിൽ പെന്നാഗരത്തെ ഒരു മലയോര ഗ്രാമത്തിലാണ് സംഭവം. കസ്തൂരി എന്ന പെൺകുട്ടിയാണ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താൽ മരിച്ചത്. പാമ്പുകടിയേറ്റ കസ്തൂരിയെ വാഹന സൗകര്യം ഇല്ലാത്തതിനാൽ തുണിത്തൊട്ടിലിലാണ് നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഇതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രിചരിക്കുന്നുണ്ട്. രണ്ടുമണിക്കൂറെടുത്താണ് നാട്ടുകാർ കുട്ടിയുമായി കുന്നിറങ്ങിയത്. അവിടെനിന്നും രണ്ടര കിലോമീറ്റർ അകലെയാണ് പ്രാഥമികാരോഗ്യ കേന്ദ്രം. കുന്നിറങ്ങിയ കസ്തൂരിയെ ആശുപത്രിയിലെത്തിക്കാനായി ഓട്ടോറിക്ഷയിൽ കയറ്റിയപ്പോഴേക്കും മരിച്ചിരുന്നു. സഹോദരങ്ങൾക്കൊപ്പം പച്ചിലകൾ പറിക്കുന്നതിനിടെയാണ് കസ്തൂരിക്ക് പാമ്പുകടിയേറ്റത്. അടിസ്ഥാനസൗകര്യങ്ങളില്ലാത്ത ഗ്രാമമായതിനാൽ വേഗത്തിൽ ആശുപത്രിയിലെത്തിക്കുക വെല്ലുവിളിയായിരുന്നു.

റോഡ് സൗകര്യമില്ലാത്തതാണ് കൗമാരക്കാരിയുടെ മരണത്തിനു ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. ആശുപത്രിയിൽ എത്തിക്കാനാവാതെ ഇതിനുമുമ്പും ഗ്രാമത്തിൽ പലരും മരിച്ചിട്ടുണ്ടെന്നും നാട്ടുകാർ അറിയിച്ചു. സർക്കാർ സഹായിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. ഗ്രാമത്തിൽ 40 കുടുംബങ്ങളിലായി 200 പേരെങ്കിലും താമസിക്കുന്നുണ്ടെന്നാണ് വിവരം. ഗ്രാമത്തിൽ നിന്നുള്ള 60-ലധികം കുട്ടികൾ എല്ലാ ദിവസവും 15 കിലോമീറ്ററോളം ചെളി നിറഞ്ഞ റോഡുകളിലൂടെ നടന്നാണ് അടുത്തുള്ള സ്കൂളിലെത്തുന്നത്. കൂലിപ്പണിക്കാരായ ഗ്രാമീണർക്ക് ഉപജീവനത്തിനായി കാൽനടയായി കുന്നിറങ്ങി വേണം നഗരത്തിലെത്താൻ.

Related Posts

Leave a Reply