തിരുവനന്തപുരം പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് കമ്പനി ഓഫീസിൽ ജീവനക്കാരി വൈഷ്ണയെ തീവെച്ച് കൊലപ്പെടുത്തിയത് രണ്ടാം ഭർത്താവായ ബിനുവാണെന്നതിന് കൂടുതൽ തെളിവുകൾ. ഇൻഷുറൻസ് കമ്പനി ഓഫീസിന് സമീപം ബിനു ഇറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തീപിടുത്തത്തിൽ മരിച്ച രണ്ടാമത്തേയാൾ ബിനു തന്നെ ആണെന്ന് ഉറപ്പിക്കാൻ ഡിഎൻഎ സാമ്പിൾ പരിശോധനക്ക് അയച്ചു.
ബിനു വൈഷ്ണയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് പോലീസിന്റെ അനുമാനം. സംഭവ സ്ഥലത്ത് നിന്ന് കത്തിയും മണ്ണെണ്ണക്കുപ്പിയും കണ്ടടുത്തിരുന്നു. ബിനു കുമാർ ഇന്നലെ സമീപപ്രദേശത്ത് ഉണ്ടായിരുന്നതായി സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ബിനു കുമാറും വൈഷ്ണയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി വൈഷ്ണയുടെ സഹോദരൻ പോലീസിന് മൊഴി കൊടുത്തിരുന്നു.
4 മാസം മുമ്പ് ഇതേ ഓഫീസിൽ വെച്ച് ഇരുവരും തമ്മിൽ പ്രശ്നമുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. തീപിടിത്തത്തിന് മുമ്പ് ഓഫീസിൽ നിന്ന് ഉച്ചത്തിലുള്ള സംസാരം കേട്ടുവെന്ന് കെട്ടിടത്തിന് സമീപത്തുണ്ടായിരുന്നയാൾ പറഞ്ഞു. ശാസ്ത്രീയ തെളിവുകൾക്കായി രണ്ടു മൃതദേഹങ്ങളുടെയും സാമ്പിൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനക്ക് ശേഷം മാത്രമേ മരിച്ച പുരുഷൻ ബിനു ആണെന്ന് സ്ഥിരീകരിക്കാനാകൂ.