പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ വീണ്ടും വീഡിയോയുമായി പരാതിക്കാരി. ആരും തന്നെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും ആരു ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും യുവതി വീഡിയോയിൽ പറയുന്നു. കടുത്ത സമ്മർദം അനുഭവിക്കുന്നുണ്ടെന്ന് യുവതി പറഞ്ഞു. വീട്ടിൽ നിൽക്കാൻ സാധിച്ചില്ലെന്നും അച്ഛന്റെ പ്രതികരണം വിഷമിപ്പിച്ചെന്നും യുവതി വീഡിയോയിൽ പറയുന്നു.
സുരക്ഷിതയാണെന്ന് അമ്മയെ അറിയിച്ചിട്ടുണ്ടെന്ന് യുവതി പറയുന്നു. കൂടാതെ തനിക്ക് പരുക്കേറ്റിട്ടില്ലെന്നും പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും പരാതിക്കാരിയായി യുവതി പറയുന്നു. കല്യാണ ചിലവുകൾ വഹിച്ചത് കേസിലെ പ്രതിയായ രാഹുൽ ആണ്. 50 പവൻ കൊടുക്കാമെന്ന് പറഞ്ഞത് അമ്മയാണെന്ന് യുവതി പറയുന്നു. രാഹുലുമായി ഒരു വർഷത്തെ പരിചയമുണ്ടെന്ന് യുവതി പറയുന്നു. നേരത്തെ രാഹുലുമായുള്ള വിവാദം മുടങ്ങിയിരുന്നതായും രണ്ടാമത് വീണ്ടും ആലോചന നടന്നപ്പോൾ അച്ഛന് താത്പര്യമില്ലായിരുന്നുവെന്ന് യുവതി പറയുന്നു.
തനിക്ക് പരാതിയില്ലെന്ന് പറഞ്ഞതുകൊണ്ടാണ് സിഐ പരാതിയെടുക്കാതെയിരുന്നതെന്ന് യുവതി പറഞ്ഞു. രാഹുലിന്റെ കൂടെ പോകണമെന്നാണ് പറഞ്ഞിരുന്നത്. അച്ഛനാണ് പരാതി കൊടുത്തത്. കൂടാതെ അമ്മ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായും യുവതി പുതിയതായി പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
കേസിന് ബലം കൂട്ടാൻ വേണ്ടിയാണ് ബെൽറ്റ് കൊണ്ട് തല്ലിയെന്നുൾപ്പെടെയുള്ള ആരോപണങ്ങൾ പരാതിയിൽ കൂട്ടിച്ചേർത്തതെന്ന് യുവതി വീഡിയോയിൽ പറഞ്ഞു. കാര്യങ്ങൾ കൈവിട്ടുപോയെന്നും ഇന്ന് അതിൽ ഖേദിക്കുന്നുവെന്നും പെൺകുട്ടി പറഞ്ഞു. നാല് പേജ് കണ്ടന്റ് അച്ഛനാണ് തന്നതെന്നും അത് വായിച്ച് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കുടുംബത്തിലെ ആരും ഒപ്പമില്ലെന്ന് യുവതി പറയുന്നു. പറ്റാവുന്ന രീതിയിൽ കരഞ്ഞ് അഭിനയിക്കണമെന്നാണ് ബന്ധുക്കൾ പറഞ്ഞിരുന്നതെന്നും അവരെ അനുസരിക്കേണ്ടി വന്നുവെന്നും യുവതി വീഡിയോയിൽ പറയുന്നു.