കൊച്ചി: പനമ്പിള്ളി നഗറിൽ കൊല്ലപ്പെട്ട നവജാത ശിശുവിൻ്റെ സംസ്കാരം ഇന്ന് രാവിലെ നടത്തും. കേസിൽ പ്രതിയായ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം മാത്രം കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിൻ്റെ തീരുമാനം. അതിനിടെ കുഞ്ഞിൻ്റെ ഡിഎൻഎ സാമ്പിൾ ഇന്ന് പരിശോധനയ്ക്ക് അയക്കും.
പനമ്പിള്ളിനഗറിൽ നടുറോഡിലേക്ക് വലിച്ചെറിഞ്ഞ നവജാത ശിശുവിൻ്റെ സംസ്കാരം ഇന്ന് രാവിലെ 10 ന് പച്ചാളം ശ്മശാനത്തിലാണ് നടക്കുക. പൊലീസാണ് മൃതദേഹം സംസ്കരിക്കുന്നത്. അതിനിടെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ ചികിത്സയിലുള്ള പ്രതിയായ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടു. എങ്കിലും മാനസികനില പൂർണമായും ശരിയായതിന് ശേഷം കസ്റ്റഡിയിൽ വാങ്ങിയാൽ മതി എന്നാണ് പൊലീസിൻ്റെ തീരുമാനം.
കുഞ്ഞിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത സമയത്ത് തന്നെ ഡിഎൻഎ പരിശോധനയ്ക്കുള്ള സാമ്പിൾ പൊലീസിന് കൈമാറിയിരുന്നു. ഇതും ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. യുവതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം ആവശ്യമെങ്കിൽ മാത്രം ആൺ സുഹൃത്തിനെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസിൻ്റെ തീരുമാനം.
