പത്തനംതിട്ട: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പത്തനംതിട്ട കലഞ്ഞൂരില്‍ കലഞ്ചോട് മനു (35) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ 3.30 ഓടെ ശിവപ്രസാദ് എന്നയാളുടെ വീട്ടില്‍ വെച്ചാണ് സംഭവം.
ഡ്രൈവറാണ് മനു. മനു ബോധരഹിതനായ വിവരം ശിവപ്രസാദ് പഞ്ചായത്ത് പ്രസിഡന്റിനെ അറിക്കുകയായിരുന്നു. മനുവിനെ ആശുപത്രിയില്‍ എത്തിച്ചതും ശിവപ്രസാദ് തന്നെയാണ്. അപ്പോഴേക്കും മനു മരിച്ചിരുന്നു. പരിശോധനയില്‍ മനുവിന്റെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകളും കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ മനുവിനെ ആശുപത്രിയില്‍ എത്തിച്ച ശിവപ്രസാദ് മുങ്ങുകയും ചെയ്തു. ശിവപ്രസാദിലേക്കാണ് അന്വേഷണം നീളുന്നത്. ഒളിവില്‍ പോയ ശിവപ്രസാദിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. എന്താണ് ശിവപ്രസാദിന്റെ വീട്ടില്‍ സംഭവിച്ചത്, കൂടുതല്‍ പേര്‍ സ്ഥലത്ത് ഉണ്ടായിരുന്നോ എന്നതടക്കം നിരവധി സംശയങ്ങള്‍ നിലനില്‍ക്കുകയാണ്.