Kerala News

പത്തനംതിട്ട കൊടുമണ്ണിൽ മന്ത്രി വീണ ജോർജിന്‍റെ ഭർത്താവിന്‍റെ കെട്ടിടത്തിന് മുന്നിലെ ഓട നിർമാണം കോൺഗ്രസ്‌ വീണ്ടും തടഞ്ഞു

പത്തനംതിട്ട കൊടുമണ്ണിൽ മന്ത്രി വീണ ജോർജിന്‍റെ ഭർത്താവിന്‍റെ കെട്ടിടത്തിന് മുന്നിലെ ഓട നിർമാണം കോൺഗ്രസ്‌ വീണ്ടും തടഞ്ഞു. പുറംപോക്ക് സർവേ ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷമേ തർക്ക മേഖലയിൽ നിർമാണം നടത്താവൂ എന്ന സർവ്വകക്ഷി യോഗത്തിലെ തീരുമാനം ലംഘിച്ചെന്ന് ആരോപിച്ച് ആയിരുന്നു പ്രതിഷേധം. എന്നാൽ കോൺഗ്രസിനെ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐ കൂടി രംഗത്തിറങ്ങിയതോടെ കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

കോൺഗ്രസ് തർക്കം ഉന്നയിച്ച വീണ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനു മുന്നിലെ ഓടനിർമ്മാണം തർക്കം പരിഹരിച്ച ശേഷം നടത്താം എന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും മന്ത്രി മുഹമ്മദ് റിയാസും നടത്തിയ ചർച്ചയ്ക്കുശേഷം തീരുമാനമായത് .എന്നാൽ ഈ ഉറപ്പ് ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് പ്രതിഷേധം.

ഓട നിർമാണം തട‌ഞ്ഞ് മുൻപ് കോൺഗ്രസ് കുത്തിയ കൊടികൾ പൊലീസ് എടുത്ത് മാറ്റി. പിന്നാലെ കെ ആർ എഫ് ബി ഉദ്യോഗസ്ഥരും ,തൊഴിലാളികളും പണി തുടങ്ങി . ഇത് തടയാൻ കോൺഗ്രസ് പ്രവർത്തകർ എത്തി. കോൺഗ്രസ് വികസനത്തെ തടയുകയാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രകടനമായി എത്തിയതോടെ സംഘർഷസാധ്യത ഉടലെടുത്തു. പിന്നീട് അടൂർ ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അതേസമയം റോഡ് അലൈൻമെന്‍റ് വിവാദത്തെ തുടർന്ന് കളക്ടർ നിർദേശാനുസരണം പുറംമ്പോക്ക് സർവേ പ്രദേശത്ത് തുടരുന്നുണ്ട്.

Related Posts

Leave a Reply