പത്തനംതിട്ട: കനാലിലെ ഒഴുക്കിൽപ്പെട്ട് കാണാതായ സ്കൂൾ വിദ്യാർത്ഥികള്‍ക്കായി ഇന്നും തിരച്ചിൽ തുടരും. കിടങ്ങന്നൂരിൽ നിന്നാണ് പത്താം ക്ലാസ് വിദ്യാർത്ഥികളെ കാണാതായത്. കുട്ടികൾ കനാലിൽ ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
എസ് വി ജി ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ അഭിരാജ്, അനന്ദുനാഥ് എന്നിവരെയാണ് കാണാതായത്. കനാൽ തീരത്ത് വിദ്യാർത്ഥികളുടെ ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഫയർഫോഴ്‌സ് തിരച്ചിൽ നടത്തിയിരുന്നു.
ഇലവുംതിട്ട പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. എന്നാൽ കുട്ടികളെ കണ്ടെത്താനായിരുന്നില്ല. സ്‌കൂളിൽ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ ക്ലാസ് ഉണ്ടായിരുന്നു. ഇതിന് ശേഷം ഇരുവരും കൂട്ടുകാരന്റെ വീട്ടിൽ പോയിരുന്നു. പിന്നാലെ കിടങ്ങന്നൂരിൽ മുടിവെട്ടാൻ പോകേണ്ടതുണ്ടെന്ന് പറഞ്ഞാണ് ഇരുവരും കൂട്ടുകാരന്റെ വീട്ടിൽ നിന്ന് ഇറങ്ങിയത്.