പത്തനംതിട്ട: പത്തനംതിട്ടയിൽ മാട്രിമോണിയൽ തട്ടിപ്പിലൂടെ പണം തട്ടിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യങ്ങളിൽ നിന്ന് സ്ത്രീകളുടെ ചിത്രങ്ങൾ കൈക്കലാക്കി ആണ് സംഘം വിവാഹ ആലോചനകൾ നോക്കുന്നവരെ കബളിപ്പിക്കുന്നത്. തന്റെ ചിത്രങ്ങൾ മാട്രിമോണിയൽ തട്ടിപ്പിൽ ഉൾപ്പെട്ടു എന്ന് മനസിലാക്കിയ രേഖ എന്ന യുവതി നടത്തിയ നീക്കമാണ് പ്രതികളെ പിടികൂടാൻ സഹായകമായത്. കേസിലെ മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ്.
വിശദ വിവരങ്ങൾ ഇങ്ങനെ
തന്റെ ചിത്രങ്ങൾ മാട്രിമോണിയൽ തട്ടിപ്പിൽ ഉൾപ്പെട്ടു എന്ന് വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ രേഖ മനസിലാക്കി. ഇതോടെ തട്ടിപ്പുകാരെ എങ്ങനെയും പിടികൂടണം എന്ന വാശിയായി രേഖയ്ക്ക്. സഹോദരന് വിവാഹ ആലോചനകൾ നോക്കാൻ എന്ന പേരിൽ തട്ടിപ്പ് സംഘത്തെ സമീപിച്ചു. രേഖയോടും സംഘം ഗൂഗിൾ പേ വഴി പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ രേഖ, ഇതേസമയം തന്നെ പത്തനംതിട്ട പൊലീസിനെയും പരാതിയുമായി സമീപിച്ചിരുന്നു. അങ്ങിനെ പറക്കോട് സ്വദേശികളായ കെ സി രാജൻ, ഭാര്യ ബിന്ദു രാജൻ എന്നിവരെ പൊലീസ് പിടികൂടി.
വിവാഹ ആലോചനകൾക്ക് വേണ്ടി നൽകുന്ന പത്ര പരസ്യങ്ങളിൽ നിന്നും മാട്രിമോണി സൈറ്റുകളിൽ നിന്നും തട്ടിപ്പ് സംഘം ഫോൺ നമ്പരുകൾ തരപ്പെടുത്തും. പിന്നീട് ഫേസ്ബുക്കിൽ നിന്ന് സ്ത്രീകളുടെ ചിത്രങ്ങൾ എടുത്ത് തോന്നും പോലെ പേരും ജോലിയും എഴുതി പ്രൊഫൈൽ ഉണ്ടാക്കി വാട്സാപ്പ് വഴി അയച്ച് കൊടുക്കുകയാണ് പതിവ്. പെണ്ണ് കാണലും തുടർ പരിപാടികളും പറഞ്ഞ് 1500 രൂപ മുതൽ അങ്ങോട്ട് ഗൂഗിൾ പേ വഴി വാങ്ങും. പണം കിട്ടിയാൽ ഉടൻ നമ്പർ ബ്ലോക്ക് ചെയ്തു മുങ്ങും. ദിവസേന നിരവധി പെർ ഇങ്ങനെ തട്ടിപ്പിന് ഇരകൾ ആക്കുന്നുണ്ട് എന്ന് പൊലീസ് പറയുന്നു. ഒന്നാം പ്രതിയെ പിടികൂടാൻ പക്ഷേ ഇപ്പോഴും സാധിച്ചിട്ടില്ല.