പത്തനംതിട്ടയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തെ പൂട്ടിയിട്ട കടയിൽവെച്ചും പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് പൊലീസ്. അതേസമയം കേസിൽ അറസ്റ്റിലായവരുടെ എണ്ണം 28 ആയി. കേസ് അന്വേഷണത്തിനായി ഡിഐജി അജിതാ ബീഗത്തിന്റെ മേൽ നോട്ടത്തിൽ 25 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട 28 പേരാണ് മൂന്ന് ദിവസത്തിനിടെ അഴിക്കുള്ളിൽ ആയത്. 14 എഫ്ഐആറുകളാണ് 2 പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ രജിസ്റ്റർ ചെയ്തത്. നിലവിൽ 3 പേർ മാത്രമാണ് കസ്റ്റഡിയിലുള്ളത്.
അതേസമയം എഫ്ഐആറിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പെൺകുട്ടി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വെച്ച് നാലുപേർ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് എഫ്ഐആറിൽ പറയുന്നു. കൂടാതെ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് കാറിൽ കയറിയ പെൺകുട്ടിയെ തൊട്ടടുത്ത പൂട്ടിയിട്ട കടയുടെ പരിസരത്ത് വച്ചും ചില പ്രതികൾ ബലാത്സംഗത്തിന് ഇരയാക്കി. പലരും ഇൻസ്റ്റാഗ്രാം വഴിയും കൂടാതെ പത്തനംതിട്ട പ്രൈവറ്റ് ബസ്റ്റാന്റിലും വെച്ചാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്.
എന്നാൽ പെൺകുട്ടിയുടെ മൊഴിയിൽ ചില വൈരുദ്ധ്യങ്ങളുള്ളതിനാൽ കേസിൽ 62 പ്രതികളുണ്ടോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത കുറവുണ്ട്. പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി വിശദമായി രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പെൺകുട്ടി വ്യക്തമായ സൂചന നൽകിയവരിൽ ശേഷിക്കുന്ന പ്രതികളെയും ഉടൻതന്നെ പിടികൂടാനുള്ള നീക്കത്തിലാണ് പൊലീസ്.