Kerala News

പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണം; പ്രതികള്‍ക്ക് ജാമ്യം

അടൂര്‍: പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് ജാമ്യം. പ്രതികളായ അലീന, അഷിത, അഞ്ജന എന്നിവര്‍ക്ക് പത്തനംതിട്ട കോടതിയാണ് ജാമ്യം നല്‍കിയത്.

ഇക്കഴിഞ്ഞ നവംബര്‍ 22നായിരുന്നു അമ്മുവിന്റെ മരണത്തില്‍ സഹപാഠികളായ അലീന, അഷിത, അഞ്ജന എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റമായിരുന്നു പൊലീസ് ചുമത്തിയത്.

നവംബര്‍ പതിനഞ്ചിനാണ് അമ്മു സജീവന്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചെങ്കിലും ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. പൊലീസിന് നല്‍കിയ മൊഴിയില്‍ അമ്മുവിന്റെ സഹപാഠികളായ അലീനയ്ക്കും അഷിതയ്ക്കും അഞ്ജനയ്ക്കുമെതിരെ പിതാവ് ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. മകളെ ഇവര്‍ മാനസികമായി പീഡിച്ചിരുന്നുവെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയായിരുന്നു മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

Related Posts

Leave a Reply