പത്തനംതിട്ടയിലെ നഴ്സിങ് കോളേജ് വിദ്യാർഥിനി അമ്മു സജീവൻ്റെ മരണത്തിൽ ജില്ലയിൽ ഇന്ന് തിങ്കളാഴ്ച (നവംബർ 25) വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. കോളജിൻ്റെയും ആരോഗ്യവകുപ്പിൻ്റെയും വീഴ്ചയിൽ പ്രതിഷേധിച്ചും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുമാണ് വിദ്യാഭ്യാസ ബന്ദ്.
അമ്മു സജീവൻ്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ABVPയുടെ ആവശ്യം. പത്തനംതിട്ടയിലെ മുഴുവൻ സ്കൂളുകളും കോളജുകളും പഠിപ്പ് മുടക്കും.പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കെഎസ്യു കഴിഞ്ഞ ദിവസം ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.
അമ്മു സജീവന്റെ മരണത്തിൽ ആരോഗ്യ വകുപ്പിന് ഗുരുതര അനാസ്ഥ ഉണ്ടായെന്നാരോപിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ ഓഫീസിലേയ്ക്ക് എബിവിപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. കളക്ടറേറ്റിനു മുന്നിൽനിന്ന് ആരംഭിച്ച മാർച്ച് ആരോഗ്യ മന്ത്രിയുടെ ഓഫീസിനു മുന്നിൽ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു.
മൂന്ന് വിദ്യാർഥിനികളുടെ മാത്രം അറസ്റ്റിലൊതുക്കാവുന്നതല്ല അമ്മു സജീവന്റെ മരണത്തിനു പിന്നിലെ ദുരൂഹതയെന്നും ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ ഒന്നര മണിക്കൂർ താമസമുണ്ടായതിനാലുള്ള ആന്തരിക രക്തശ്രാവമാണ് മരണകാരണമെന്നും ABVP ആരോപിച്ചു.










