Kerala News

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിൻ്റെ മരണത്തിന് പിന്നിൽ സഹപാഠികളിൽ നിന്നുള്ള മാനസിക പീഡനമെന്ന് കുടുംബം

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിൻ്റെ മരണത്തിന് പിന്നിൽ സഹപാഠികളിൽ നിന്നുള്ള മാനസിക പീഡനമെന്ന് കുടുംബം. സഹപാഠികളായ മൂന്ന് പേർ അകാരണമായി ശല്യപ്പെടുത്തിയിരുന്നുവെന്നും ടൂ‌ർ കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് മാറിയിട്ടും ഇവ‌ർ ഭീഷണിയുമായെത്തിയെന്നും അമ്മുവിൻ്റെ പിതാവ് പറഞ്ഞു.

അവസാന വ‌ർഷ നഴ്സിങ് വിദ്യാർത്ഥിയായ അമ്മുവിനെ അകാരണമായി സുഹൃത്തുക്കൾ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. ആലപ്പുഴ മെഡിക്കൽ കോലേജിൽ ഗൈനക് പ്രാക്ടീസിനു പോയ സമയത്ത് സാഹപാഠികളായ മൂന്ന് പെൺകുട്ടികളും അമ്മുവുമായി നിസ്സാര പ്രശ്നങ്ങളുടെ പേരിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. പിന്നീട്ടിങ്ങോട്ട് മകളെ അവർ നിരന്തരമായി ശല്യപെടുത്തിയിരുന്നുവെന്ന് അമ്മുവിന്റെ അച്ഛൻ. ശല്യം സഹിക്കാതെ ഒടുവിൽ ഹോസ്റ്റലിലെ മറ്റൊരു മുറിയിലേക്ക് മാറി താമസിക്കേണ്ടിയും വന്നു.

കാണാതായ ലോഗ് ബുക്കിനായി അനുവാദമില്ലാതെ ബാഗ് പരിശോധിച്ചതും മകളെ ഏറെ തളർത്തി. പ്രശ്നങ്ങൾ തുടർന്നതോടെ കോളേജ് പ്രിൻസിപ്പലിനും പരാതി നൽകിയിരുന്നു. ക്ലാസ് ടീച്ചർ ടൂർ കോർഡിനേറ്ററായി നിയമിച്ച വിവരം അമ്മു അറിഞ്ഞിരുന്നില്ല. ടൂറിന് വരുന്നില്ലെന്ന് അറിയിച്ചിട്ടും സംഘം ഭീഷണിയുമായെത്തിയെന്നും കുടുംബം പറഞ്ഞു.

ഹോസ്റ്റലിൽ വീണ് അമ്മുവിന് നിസ്സാര പരിക്കേറ്റുവെന്നാണ് വാർഡൻ കുടുംബത്തെ അറിയിച്ചിരുന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും വേണ്ടത്ര സൗകര്യങ്ങളില്ലാത്ത ആംബുലൻസിലാണ് കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതെന്ന് അമ്മുവിൻ്റെ സഹോദരൻ പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കടക്കം പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

Related Posts

Leave a Reply