Kerala News

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥി അമ്മു എ സജീവന്റെ മരണത്തിൽ അടിമുടി ദുരൂഹത

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥി അമ്മു എ സജീവന്റെ മരണത്തിൽ അടിമുടി ദുരൂഹത. കെട്ടിടത്തിനു മുകളിൽ നിന്ന് വീണ അമ്മുവിനെ ആശുപത്രിയിൽ എത്തിച്ചത് അരമണിക്കൂറിൽ അധികം വൈകിയാണ്. അടുത്തുള്ള കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാതെ തിരുവനന്തപുരത്തേക്ക് അയച്ചത്തിലും വീഴ്ച്ച സംഭവിച്ചു. പ്രാഥമിക ചികിത്സ നൽകുന്നതിലും താമസം നേരിട്ടുവെന്നതാണ് കണ്ടെത്തൽ .

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി വൈകിട്ട് നാലരയോടെയാണ് അമ്മു എ സജീവ് എൻഎസ്എസ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയത്. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ അമ്മുവിനെ അരമണിക്കൂറിലധികം സമയം കഴിഞ്ഞാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അമ്മു താമസിച്ച ഹോസ്റ്റലിൽ നിന്നും ജനറൽ ആശുപത്രിയിലേക്കുള്ള ദൂരം 2.6 കിലോമീറ്റർ മാത്രമാണ് എന്നിരിക്കയാണ് ഈ സമയവ്യത്യാസം. അവിടെയും അവസാനിച്ചില്ല വീഴ്ചകളുടെ തുടർക്കഥ.

5.18 ന് ആശുപത്രിയിൽ എത്തിച്ച അമ്മുവിനെ തിരുവനന്തപുരത്തേക്ക് റഫർ വിട്ടത് 6.55 ന്. ഗുരുതരമായി പരുക്കേറ്റ അമ്മു പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കഴിഞ്ഞത് ഒരു മണിക്കൂർ 37 മിനിറ്റാണ്. ഇതിനിടയിൽ ഗുരുതരാവസ്ഥയിലുള്ള അമ്മുവിന് എക്സ്റേ എടുക്കാൻ നിർദ്ദേശിച്ചെങ്കിലും അതിനും താമസം നേരിട്ടു.ഗുരുതരാവസ്ഥയിലുള്ള അമ്മുവിനെ 60 കിലോമീറ്റർ ദൂരമുള്ള കോട്ടയം മെഡിക്കൽ കോളേജിലേജിലേക്ക് റഫർ ചെയ്യാതെ എന്തിന് നൂറു കിലോമീറ്ററിൽ അധികം ദൂരമുള്ള തിരുവനന്തപുരത്തേക്ക് റഫർ ചെയ്തു എന്ന കാര്യത്തിലും ഇനിയും ഉത്തരം ലഭിക്കാനുണ്ട്. അമ്മുവിനെ കൊണ്ടുപോയ ആംബുലൻസിൽ ആവശ്യത്തിനു സൗകര്യമില്ലായിരുന്നു എന്നും ആക്ഷേപമുണ്ട്. മാത്രമല്ല കേസിൽ ആരോപണ വിധേയരായ മൂന്ന് കുട്ടികളിൽ ഒരാളും അമ്മുവിനൊപ്പം ഹോസ്പിറ്റലിൽ എത്തി. എല്ലാ ആരോപണങ്ങളും അന്വേഷണ പരിധിയിൽ ഉണ്ടെന്നാണ് പൊലീസ് വിശദീകരണം.

അതേസമയം, കുടുംബത്തിന്റെ ആരോപണം തള്ളി പത്തനംതിട്ട എൻഎസ്എസ് ഹോസ്റ്റൽ അധികൃതർ രംഗത്തെത്തിയിരുന്നു. ഹോസ്റ്റലിൽ ഒരുതരത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ഹോസ്റ്റൽ വാഡൻ സുധ  പറഞ്ഞു. അമ്മു ഒരുതരത്തിലുള്ള മാനസിക പീഡനവും ഹോസ്റ്റലിൽ നേരിടുകയോ ഏതെങ്കിലും പ്രശ്നമുള്ളതായി പരാതി പറയുകയോ ചെയ്തിട്ടില്ലെന്ന് ഹോസ്റ്റൽ വാഡൻ കൂട്ടിച്ചേർത്തു.കുട്ടികൾ പറഞ്ഞാണ് അമ്മു കെട്ടിടത്തിനു മുകളിൽ നിന്ന് വീണു എന്ന കാര്യം അറിഞ്ഞത്. ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് വരാനുള്ള കാലതാമസം മാത്രമാണ് എടുത്തതെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്നും സുധ പറഞ്ഞു.

Related Posts

Leave a Reply