India News

പതഞ്ജലിയുടെ ‘ദിവ്യ ദന്ത് മഞ്ജന്‍’ എന്ന ടൂത്ത് പൗഡറിൽ നോണ്‍ മിശ്രിതത്തിന്റെ സാന്നിധ്യം; ഹൈക്കോടതി നോട്ടീസ്

വെജിറ്റേറിയനെന്ന് മുദ്രകുത്തിയ പതഞ്ജലിയുടെ ‘ദിവ്യ ദന്ത് മഞ്ജന്‍’ എന്ന ടൂത്ത് പൗഡറിൽ നോണ്‍ മിശ്രിതത്തിന്റെ സാന്നിധ്യം. പൽപൊടിയിൽചേര്‍ത്തിരിക്കുന്ന ചേരുവകളില്‍ കടില്‍ മത്സ്യത്തിന്റെ (കട്ടിൽഫിഷ്) അംശമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും പതഞ്ജലി, ദിവ്യ ഫാര്‍മസി, ബാബ രാംദേവ് എന്നിവര്‍ക്കും മറ്റ് ബന്ധപ്പെട്ട കക്ഷികള്‍ക്കും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു.കേസ് നവംബര്‍ 28ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

സാധാരണയായി ഉത്പന്നം വെജിറ്റേറിയന്‍ ആണെന്ന് തിരിച്ചറിയാന്‍ പാക്കിങ് കവറില്‍ ഒരു പച്ച ഡോട്ട് കൊടുക്കുകയാണ് പതിവ്. എന്നാല്‍ പതഞ്ജലിയുടെ ടൂത്ത് പൗഡറില്‍ വെജ് മുദ്ര നല്‍കിയിട്ടും മത്സ്യത്തിന്റെ അംശമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അതേസമയം, സമീപ കാലങ്ങളിലായി ബാബ രാംദേവിന്റെ പതഞ്ജലിക്കെതിരെ നിരവധി കേസുകൾ ഇതിനോടകം ഉയർന്നുവരികയും 2023 നവംബറിൽ, സുപ്രീം കോടതി ഇതുമായിബന്ധപ്പെട്ട് താക്കീത് നല്കുകയും ചെയ്തിട്ടുണ്ട്.

നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഉൽപ്പന്നങ്ങളുടെ ഔഷധ ഗുണങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ അവസാനിപ്പിക്കണമെന്നും സുപ്രീം കോടതി നേരത്തെ പറഞ്ഞിട്ടുള്ളതാണ്. എന്നാൽ പതഞ്ജലി തുടക്കത്തിൽ തന്നെ ഈ കരാറുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഇത് പിന്നീട് കോടതിയലക്ഷ്യ നടപടികളിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. ഉൽപ്പന്നങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചും കൊവിഡ്-19 വാക്സിനേഷൻ ഡ്രൈവിനെക്കുറിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പതഞ്ജലിയുടെ പരസ്യങ്ങൾക്കെതിരെ സുപ്രീം കോടതി നേരത്തെ കേസെടുത്തിരുന്നു.

ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പതഞ്ജലി അപകീര്‍ത്തികരമായ പ്രചരണം നടത്തിയെന്ന് ഐ.എം.എ പരാതിയില്‍ ആരോപിച്ചിരുന്നു. ഇനിമുതല്‍ ഒരു നിയമലംഘനവും നടത്തില്ലെന്ന് കമ്പനി കഴിഞ്ഞ വര്‍ഷം നവംബര്‍ 21ന് കോടതിക്ക് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ട് കമ്പനി പിന്നീടും പരസ്യ പ്രചരണവും വില്‍പനയും തുടരുകയായിരുന്നു.

Related Posts

Leave a Reply