Kerala News

പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് റുവൈസ്; ജാമ്യാപേക്ഷ എതിര്‍ത്ത് പ്രോസിക്യൂഷന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ത്ഥിനി ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത കേസില്‍ റുവൈസിന്റെ ജാമ്യാപേക്ഷ എതിര്‍ത്ത് പ്രോസിക്യൂഷന്‍. പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ജാമ്യത്തിനായി ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയെ അറിയിച്ചു. കേസില്‍ നിര്‍ണ്ണായക നിരീക്ഷണങ്ങള്‍ നടത്തിയ കോടതി ജാമ്യഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി.

ഇന്ന് ഹര്‍ജി പരിഗണിക്കവേ റുവൈസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി ആവശ്യമുന്നയിച്ചു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ജാമ്യത്തിനായി ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയെ അറിയിച്ചു. പിതാവിനെ ചോദ്യം ചെയ്തിട്ടും അന്വേഷണ സംഘത്തിന് ഒന്നും കണ്ടെത്താനായില്ലെന്നും റുവൈസ് പറഞ്ഞു.

ഇതിനിടെ ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് വായിക്കുമ്പോള്‍ രണ്ട് കാര്യങ്ങളാണ് മനസിലാക്കുന്നതെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഷഹനയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് റുവൈസിന് അറിയാമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ഷഹനയുടെ വീട്ടില്‍ റുവൈസിന്റെ കുടുംബം എത്തിയപ്പോള്‍ സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച നടന്നതിന് സാക്ഷികളുണ്ട്. ജീവനൊടുക്കിയ ദിവസം ഷഹന റുവൈസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചതിനും തെളിവുള്ളതായി കോടതി ചൂണ്ടിക്കാട്ടി. ഷഹനയുടെ ആത്മഹത്യയില്‍ പങ്കില്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസ് ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. പൊലീസിനെ വിമര്‍ശിച്ചതിന്റെ പ്രതികാരമാണ് തന്റെ അറസ്റ്റെന്നും കോടതിയില്‍ റുവൈസിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചതെന്നും എന്നാല്‍ വിവാഹം വേഗം വേണമെന്ന് ഷഹന നിര്‍ബന്ധിച്ചിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയിലുണ്ട്.

Related Posts

Leave a Reply