ന്യൂസ് ക്ലിക്ക് കേസുമായി ബന്ധപ്പെട്ട് ഹാജരാകാൻ ഡൽഹി പൊലീസ് ആവശ്യപ്പെട്ടെന്ന് മലയാളി മാധ്യമ പ്രവർത്തക അനുഷ പോൾ. കേരള പൊലീസ് അറിയാതെയാണ് ഡൽഹി പൊലീസിന്റെ റെയ്ഡ് നടന്നതെന്ന് അനുഷ പോൾ പറഞ്ഞു. എത്രയും പെട്ടന്ന് ഡൽഹിയിലേക്ക് എത്തുന്നതായിരിക്കും നല്ലതെന്ന് ഡൽഹി പൊലീസ് അറിയിച്ചെന്ന് അനുഷ പറഞ്ഞു. ഭയപ്പെടുത്താനാണ് ശ്രമമെന്നും വഴങ്ങില്ലെന്നും അനുഷ വ്യക്തമാക്കി. റിപ്പോർട്ട് ചെയ്ത വർത്തകളെ കുറിച്ച് ചോദിച്ചെന്നും അവർ പറഞ്ഞു.
സി പി ഐ എം ബന്ധമാണ് പ്രധാനമായി ചോദിക്കുന്നത്. താൻ ഡിവൈഎഫ്ഐ ഡൽഹി സംസ്ഥാന ട്രഷററാണെന്ന് അനുഷ പറഞ്ഞു. ന്യൂസ് ക്ലിക്ക് വാർത്തകളെ മോദി ഭയപ്പെടുന്നെന്നും അദാനിക്കും അംബാനിക്കും എതിരെ വാർത്ത നൽകുന്നത് രാജ്യദ്രോഹമല്ലെന്നും അവർ പ്രതികരിച്ചു. ന്യൂസ് ക്ലിക്കിലെ ജീവനക്കാരാണ് യഥാർത്ഥ രാജ്യ സ്നേഹികൾ. ഒരു ചൈനീസ് ഫണ്ടും സ്വീകരിച്ചിട്ടില്ലെന്നും അനുഷ പോൾ 24 നോട് പറഞ്ഞു.
അതേസമയം അനുഷ പോളിന്റെ പത്തനംതിട്ടയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഡൽഹി പൊലീസ് ഒരു മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നു. ന്യൂസ് ക്ലിക്കിലെ മുൻ ജീവനക്കാരിയായിരുന്നു അനുഷ പോൾ.ഒന്നര മണിക്കൂർ നേരം പരിശോധന നടത്തിയിരുന്നു. അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് കേരളത്തിലെത്തിയത്. അനുഷ പോളും കുടുംബവും ഡൽഹിയിൽ സ്ഥിരതാമസക്കാരാണ്.