കൊച്ചി: മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നേര് സിനിമയുടെ തിരക്കഥ മോഷണമാണ് എന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഥാകൃത്ത് ദീപക് കെ ഉണ്ണി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജിയില്‍ മോഹന്‍ലാലും സംവിധായകന്‍ ജീത്തു ജോസഫും ഇന്ന് വിശദകരണം നല്‍കും. സിനിമയുടെ റിലീസ് ദിവസമാണ് ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.
സംവിധായകന്‍ ജീത്തു ജോസഫും സഹ തിരക്കഥാകൃത്തും അഭിനേത്രിയുമായ അഡ്വ. ശാന്തിപ്രിയയും ചേര്‍ന്ന് സ്‌ക്രിപ്റ്റ് മോഷ്ടിച്ചുവെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. തന്റെ കഥ മോഷ്ടിച്ചാണ് ജീത്തു ജോസഫ് സിനിമയാക്കിയത്. 49 പേജ് അടങ്ങുന്ന കഥാതന്തു വാങ്ങിയ ശേഷം സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നുമാണ് ദീപക് ഉണ്ണിയുടെ ആരോപണം. സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ദീപക് കെ ഉണ്ണിയുടെ ആരോപണത്തിന്മേൽ ജീത്തു ജോസഫും സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. പ്രേക്ഷകർ നേര് കണ്ട് തന്നെ ഈ ആരോപണങ്ങളിൽ എത്രമാത്രം കഴമ്പുണ്ടെന്ന് വിലയിരുത്തണമെന്നാണ് ജീത്തു പറഞ്ഞത്. മനഃപൂർവമായ ആക്രമണം താൻ നേരിടുന്നത് ഇത് ആദ്യമായി അല്ല. തനിക്ക് പ്രേക്ഷകരിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം കുറിച്ചു. അതേസമയം കോർട്ട് റൂം ഡ്രാമ ഴോണറിലുള്ള നേര് ഇന്ന് റിലീസ് ചെയ്യുകയാണ്. ദൃശ്യം, ദൃശ്യം 2 , ട്വൽത്ത് മാൻ എന്നീ സിനിമകൾക്ക് ശേഷം മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ എന്നതിനാൽ തന്നെ നേരിനുമേൽ പ്രേക്ഷകർ വലിയ പ്രതീക്ഷയാണ് നൽകുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. പ്രിയാമണി, ജഗദീഷ്, അൻശ്വര രാജൻ, ഗണേശ് കുമാർ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.