തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വ്യാപാരിയെ വാഹനം ഇടിപ്പിച്ച ശേഷം വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ക്വട്ടേഷൻ സംഘം പൊലീസിൻ്റെ പിടിയിൽ. കരിപ്രകോണം സ്വദേശിയായ രാജൻ ആണ് ആക്രമണത്തിന് ഇരയായത്. തിങ്കളാഴ്ച്ച രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രാജനെ ഗുണ്ടാ സംഘം ആക്രമിക്കുന്നത്. കടയിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് ക്വട്ടേഷൻ ഏറ്റെടുത്തതെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു. സംഭവം നടക്കുന്നതിന് ഒരാഴ്ച്ച മുമ്പ് ക്വട്ടേഷൻ സംഘം സ്ഥലത്തെത്തി രാജനെയും ആക്രമണം നടത്തേണ്ട സ്ഥലവും ഉറപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കാറിൽ പിന്തുടർന്ന 5 അംഗ സംഘം വിഷ്ണുപുരത്തെ ഒഴിഞ്ഞ സ്ഥലത്ത് വച്ച് രാജൻ്റെ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വഴിയിലേക്ക് തെറിച്ചുവീണ രാജനെ വാളുകൊണ്ട് വെട്ടിയും കമ്പിവടി കൊണ്ട് തലക്കടിച്ചും പരിക്കേൽപ്പിച്ച ശേഷം കടന്നു കളയുകയും ചെയ്തു. രാജൻ്റെ കയ്യിലുണ്ടായിരുന്ന പണം നഷ്ടമാകാത്തതിനാൽ മോഷണ ശ്രമമല്ല എന്ന് പൊലീസ് ഉറപ്പിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് രാജനെ കൊലപ്പെടുത്താൻ നൽകിയ ക്വട്ടേഷനാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. നെയ്യാറ്റിൻകര സ്വദേശിയിൽ നിന്നാണ് ക്വട്ടേഷൻ സ്വീകരിച്ചതെന്ന് പ്രതികൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ക്വട്ടേഷൻ തുകയായി ഇരുപതിനായിരം രൂപയും പ്രതികൾ കൈപ്പറ്റി. ക്വട്ടേഷൻ നൽകിയ ആളെ കേന്ദരീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.