നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. കോടതി പൊലീസിന്റെ കസ്റ്റഡിയില്‍ വിടുകയാണെങ്കില്‍ ഇന്ന് ഉച്ചയോടെ തന്നെ തെളിവെടുപ്പ് നടക്കും. രണ്ടു ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. കനത്ത സുരക്ഷയില്‍ ആയിരിക്കും നെന്മാറ പോത്തുണ്ടിയില്‍ വച്ച് തെളിവെടുപ്പ് നടക്കുക.
കഴിഞ്ഞ ദിവസം ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട് നെന്മാറ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തിരുന്നു.. പിഡിപിപി ആക്ട് പ്രകാരമാണ് കേസെടുത്തത്. പ്രതിഷേധക്കാര്‍ മതില്‍ തകര്‍ക്കുകയും ഗേറ്റ് അടര്‍ത്തി മാറ്റുകയും ചെയ്തിരുന്നു.
കൃത്യമായ ആസൂത്രണത്തിലൂടെ പ്രതി നടപ്പാക്കിയ കൊലപാതകമെന്ന് തെളിയിക്കാന്‍ പുനരാവിഷ്‌ക്കരണം അടക്കം ആവശ്യമാണെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ നാട്ടുകാരുടെ പ്രതിഷേധം വെല്ലുവിളിയാകും. അതിനാല്‍ രഹസ്യമായായിരിക്കും പൊലീസിന്റെ നീക്കങ്ങള്‍. പ്രതിഷേധം തണുത്തശേഷം തെളിവെടുപ്പ് മതിയെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം. പൊലീസിനെ പോലും അമ്പരപ്പിച്ച് സ്റ്റേഷന് മുന്നിലെ വികാരപ്രകടനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം.