India News Sports Top News

നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ

ലോകകപ്പിലെ അവസാന ലീഗ് മത്സരത്തിൽ നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 410 റൺസ് ആണ് നേടിയത്. 94 പന്തിൽ 128 റൺസ് നേടി പുറത്താവാതെ നിന്ന ശ്രേയാസ് അയ്യർ ഇന്ത്യയുടെ ടോപ്പ് സ്കോററായി. കെഎൽ രാഹുൽ 102 റൺസ് നേടി പുറത്തായി. നെതർലൻഡ്സിനായി ബാസ് ഡെ ലീഡെ രണ്ട് വിക്കറ്റ് വീഴ്ത്തി

തീപ്പൊരി തുടക്കമാണ് ശുഭ്മൻ ഗില്ലും രോഹിത് ശർമയും ചേർന്ന് ഇന്ത്യക്ക് നൽകിയത്. പതിവിനു വിപരീതമായി ഗിൽ ആയിരുന്നു കൂടുതൽ അപകടകാരി. വെറും 30 പന്തിൽ ഗിൽ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ വാൻ മീക്കരൻ ഗില്ലിനെ (32 പന്തിൽ 51) മടക്കി അയച്ചു. ആദ്യ വിക്കറ്റിൽ രോഹിതുമൊത്ത് 100 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളിയായ ശേഷമാണ് ഗിൽ മടങ്ങിയത്. മൂന്നാം നമ്പറിലെത്തിയ വിരാട് കോലി ആദ്യ ഘട്ടത്തിൽ ടൈമിംഗ് കണ്ടെത്താൻ ബുദ്ധിമുട്ടി. ഈ സമയത്ത് രോഹിത് ശർമ 44 പന്തിൽ ഫിഫ്റ്റി തികച്ചു. സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ രോഹിത് (54 പന്തിൽ 61) ബാസ് ഡെ ലീഡെയുടെ ഇരയായി മടങ്ങി.

നാലാം നമ്പറിൽ ശ്രേയാസ് അയ്യർ തൻ്റെ ഫോം തുടർന്നു. ഇതോടൊപ്പം കോലിയും സാവധാനം ഫോമിലേക്കുയർന്നതോടെ ഇന്ത്യ വീണ്ടും ട്രാക്കിലെത്തി. 53 പന്തിൽ കോലി ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ റോളോഫ് വാൻ ഡെർ മെർവെ കോലിയെ (56 പന്തിൽ 51) വീഴ്ത്തി. 71 റൺസ് നീണ്ട മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷമാണ് കോലി പുറത്തായത്. പിന്നാലെ ക്രീസിലെത്തിയ കെഎൽ രാഹുലും അനായാസം നെതർലൻഡ്സ് ബൗളർമാരെ നേരിട്ടു. 48 പന്തിൽ ശ്രേയാസ് അയ്യരും 40 പന്തിൽ രാഹുലും ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ ഗിയർ മാറ്റിയ ശ്രേയാസ് 84 പന്തിൽ മൂന്നക്കം തികച്ചു. താരത്തിൻ്റെ കരിയറിലെ ആദ്യ ലോകകപ്പ് സെഞ്ചുറിയായിരുന്നു അത്. രാഹുലും സെഞ്ചുറിക്ക് ശേഷവും അനായാസം ബൗണ്ടറി ക്ലിയർ ചെയ്ത ശ്രേയാസും ചേർന്ന് ഇന്ത്യയെ പടുകൂറ്റൻ സ്കോറിലേക്ക് നയിച്ചു. 49ആം ഓവറിൽ മൂന്ന് സിക്സറും ഒരു ബൗണ്ടറിയും സഹിതം 23 റൺസാണ് ശ്രേയാസ് നേടിയത്. അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ തുടരെ സിക്സർ നേടി കെഎൽ രാഹുലും സെഞ്ചുറി തികച്ചു. വെറും 62 പന്തിൽ നിന്നാണ് താരത്തിൻ്റെ സെഞ്ചുറി. ഓവറിലെ അഞ്ചാം പന്തിൽ രാഹുൽ മടങ്ങി. 63 പന്തിൽ 102 റൺസ് നേടിയ താരം നാലാം വിക്കറ്റിൽ ശ്രേയാസുമൊത്ത് 208 റൺസിൻ്റെ കൂറ്റൻ കൂട്ടുകെട്ടിനു ശേഷമാണ് പുറത്തായത്.

Related Posts

Leave a Reply