Kerala News

നെടുങ്കണ്ടം ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ വന്‍ തട്ടിപ്പ്

ഇടുക്കി: കോൺഗ്രസ് ഭരണത്തിലുള്ള ഇടുക്കി നെടുങ്കണ്ടം ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ വന്‍ തട്ടിപ്പ്. കുമളി ബ്രാഞ്ച് മാനേജർ ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം രൂപ തട്ടിയെടുത്തു. ഭരണ സമിതിയുടെ പരാതിയിൽ മാനേജരായിരുന്ന ചക്കുപള്ളം സ്വദേശി വൈശഖ് മോഹനെതിരെ കുമളി പൊലീസ് കേസെടുത്തു. നെടുങ്കണ്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇടുക്കി ജില്ല ഡീലേഴ്സ് സഹകരണ സൊസൈറ്റിക്ക് കുമളി, കട്ടപ്പന, അടിമാലി എന്നിവിടങ്ങളിൽ ശാഖകളുണ്ട്.  2021 മുതൽ 24 വരെ കുമളി ശാഖയിലെ മാനേജരായിരുന്നപ്പോഴാണ് വൈശാഖ് ഒരു കോടി നാൽപ്പത്തി ഒൻപതിനായിരം രൂപ തട്ടിയെടുത്തത്.

വൈശാഖിൻ്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ മതിയായ രേഖകളില്ലാതെ വായ്പ അനുവദിച്ചും ചിട്ടിയിൽ നിന്നുള്ള തുക തിരിമറി നടത്തിയും പണം തട്ടിയെടുത്തത്. വായ്പ തിരിച്ചടക്കാൻ നൽകിയ തുക മരിച്ചയാൾക്ക് ചിട്ടിപ്പണമായി നൽകിയെന്ന് വരെ രേഖയുണ്ടാക്കിയിട്ടുണ്ട്. പലരുടെയും ഫിക്സഡ് ഡിപ്പോസിറ്റ് തുകയും തട്ടിയെടുത്തു. മൂന്ന് മാസം മുൻപ് അധികാരമേറ്റെടുത്ത പുതിയ ഭരണ സമിതി നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകൾ കണ്ടെത്തിയത്. കട്ടപ്പന ശാഖയിൽ മാനേജരായിരിക്കെ 28 ലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തു. തട്ടിപ്പ് നടത്തിയതായി സമ്മതിച്ച് വൈശാഖ് രേഖാമൂലം ബാങ്കിന് എഴുതി നൽകിയിട്ടുണ്ട്.

ലക്ഷങ്ങൾ നിക്ഷേപിച്ച സാധാരണക്കാ‌ർ പണം തിരികെ ലഭിക്കാൻ ബാങ്കിൽ കയറിയിറങ്ങുകയാണിപ്പോൾ. ഇത്തരത്തിൽ നെടുങ്കണ്ടത്ത് നിന്നും നിക്ഷേപകരുടെ പണം ജീവനക്കാരും മുൻ ഭരണ സമിതി അംഗങ്ങളും തട്ടിയെടുത്ത കേസിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്. മൂന്ന് കോടി 66 ലക്ഷം രൂപയാണ് ജീവനക്കാരും ഡയറക്ടർമാരും തട്ടിയെടുത്തത്. ഇതിൽ രണ്ട് പേരിപ്പോൾ കേരള ബാങ്കിൽ ജോലി ചെയ്യുന്നുമുണ്ട്.

Related Posts

Leave a Reply