Kerala News

നൃത്തപരിപാടിയ്ക്കിടെ വേദിയിൽ നിന്ന് വീണ് പരിക്ക് പറ്റിയ തൃക്കാക്കര എംഎൽഎ ഉമ തോമസ് ഇന്ന് ആശുപത്രിവിടും

കൊച്ചി: കലൂരിൽ നടന്ന നൃത്തപരിപാടിയ്ക്കിടെ വേദിയിൽ നിന്ന് വീണ് പരിക്ക് പറ്റിയ തൃക്കാക്കര എംഎൽഎ ഉമ തോമസ് ഇന്ന് ആശുപത്രിവിടും. ഇക്കഴിഞ്ഞ 28-ന് മൃദംഗ വിഷൻ്റെ ആഭിമുഖ്യത്തിൽ കൊച്ചി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മൃദംഗ നാദം എന്ന പേരിൽ സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെയാണ് വേദിയിൽ നിന്നും വീണ് ഉമ തോമസിന് ഗുരുതര പരിക്ക് പറ്റിയത്.

അപകടത്തിൽ ഗുരുതര പരിക്കേറ്റ ഉമ തോമസ് ആദ്യ ദിവസങ്ങളിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു. പിന്നീട് ഉമ തോമസിനെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു.

അപകടം മൂലം പതിനൊന്ന് ദിവസമാണ് ഉമ തോമസ് തീവ്രപരിചരണ വിഭാ​ഗത്തിൽ കിടന്നത്. തീവ്രപരിചരണ വിഭാ​ഗത്തിൽ നിന്ന് മാറ്റിയെങ്കിലും അണുബാധയുണ്ടാവാൻ സാധ്യതയുള്ളതിനാൽ സന്ദർശകരെ അനുവദിച്ചിരുന്നില്ല. ഫിസിയോ തെറാപ്പിയുൾപ്പടെയുള്ള ചികിത്സയിലൂടെ ആരോ​ഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് ഉമ തോമസ്. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ മന്ത്രി ആർ ബിന്ദു അടക്കമുള്ള സംഘത്തോടെ വീഡിയോ കോളിലൂടെ ഉമ തോമസ് സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. അണുബാധയിൽ നിന്നുമുള്ള മുൻകരുതലിൻ്റെ ഭാഗമായി ഉമ തോമസിനെ കാണാൻ സന്ദർശകരെ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു എംഎൽഎ വീഡിയോ കോളിലൂടെ ആർ ബിന്ദുവുമായി സംസാരിച്ചത്. സംഭവത്തിൽ ഓസ്കാർ ഇവൻറ്സ് ഉടമ പി എസ് ജനീഷിന് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. പൊലീസിൻറെ കസ്റ്റഡി അപേക്ഷ കോടതി തള്ളി. കേസിൽ മൃദംഗ വിഷൻ എം ഡി നിഗോഷ് കുമാർ അടക്കമുള്ളവർക്കും ജാമ്യം അനുവദിച്ചിരുന്നു. മൃദംഗ വിഷൻറെ ആഭിമുഖ്യത്തിൽ നടന്ന ഗിന്നസ് റെക്കോഡ് പരിപാടിക്കായി കലൂർ സ്റ്റേഡിയത്തിലെ കാര്യങ്ങൾ ഒരുക്കിയത് ഓസ്കാർ ഇവൻറ്സ് ആയിരുന്നു. സുരക്ഷാ വീഴ്ചയിൽ ഓസ്കാർ ഇവൻറ്സിനും മൃദംഗ വിഷനുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. സിനിമാ താരം ദിവ്യ ഉണ്ണി, സിനിമാ, സീരിയൽ താരം ദേവി ചന്ദന അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തിരുന്നു.

Related Posts

Leave a Reply