കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടിനെ തുടർന്നുണ്ടായ അപകടത്തിൽ മരണം ആറായി. നീലേശ്വരം സ്വദേശി പത്മനാഭൻ (75) ആണ് മരിച്ചത്. നേരത്തെ അഞ്ച് പേർ അപകടത്തിൽ മരിച്ചിരുന്നു. മംഗളൂരുവിൽ ചികിത്സയിലായിരുന്ന കാസർകോട് കിണാവൂർ സ്വദേശി രജിത്ത് (28), ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ ബിജു (38), കിണാവൂർ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ പൊള്ളലേറ്റ് മരിച്ച മറ്റ് അഞ്ചുപേർ. നിലവിൽ 38 പേർ വിവിധ ആശുപത്രികളിൽ ചികിത്സയില്‍ തുടരുകയാണ്.
ഒക്ടോബര്‍ 28ന് അര്‍ധരാത്രിയാണ് ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം ഉണ്ടായത്. മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചുതോറ്റം അരങ്ങിലെത്തിയപ്പോഴായിരുന്നു സംഭവം. പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയായിരുന്നു.