പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചിരിക്കുകയാണ്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പൊതു ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റാണ് അവതരിപ്പിക്കുന്നത്. രാവിലെ 11 മണിക്കാണ് 2025-26 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിർത്താനും നികുതിഘടനയിലുമുള്ള പുതിയ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ജനം കാത്തിരിക്കുന്നത്. കാർഷിക, വ്യാവസായിക ഉൽപ്പാദനം, അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽ, ആരോഗ്യം, നികുതി, കായിക തുടങ്ങി സർവമേഖലയിലും സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഫെബ്രുവരി 13 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. ബജറ്റിലെ ധനാഭ്യർഥനകളുടെ സൂക്ഷ്മപരിശോധന പൂർത്തിയാക്കിയശേഷം മാർച്ച് 10-ന് സമ്മേളനം പുനരാരംഭിച്ച് ഏപ്രിൽ നാലിനു പിരിയും. ബജറ്റ് സമ്മേളനത്തിൽ 27 ദിവസത്തെ സിറ്റിങ്ങാണ് ക്രമീകരിച്ചിരിക്കുന്നത്.