തിരുവനന്തപുരം. നിയമസഭയിൽ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ ഗവർണർ പിടിച്ചു വെക്കുന്ന നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. നിയമസഭ വിശദമായി ചർച്ച നടത്തി പാസാക്കിയ 8 ബില്ലുകൾ ഗവർണറിന്റെ ഒപ്പ് കാത്ത് കിടക്കുകയാണ് ഭരണഘടനയ്ക്ക് വിരുദ്ധമായി ഏതെങ്കിലും ഭാഗം പാസാക്കപ്പെട്ട ബില്ലിൽ ഉണ്ടെങ്കിൽ അക്കാര്യം ശ്രദ്ധയിൽപ്പെടുത്താനും ഹൈക്കോടതിയുടെ അധികാരങ്ങളെ ബാധിക്കുന്ന ഏതെങ്കിലും വകുപ്പ് ബില്ല് ഉണ്ടെങ്കിൽ അത് രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമർപ്പിക്കാനും ഗവർണർക്ക് ഭരണഘടനാപരമായി അവകാശമുണ്ട്. പക്ഷേ ഇതൊന്നും അല്ലാത്ത സാധാരണ നിയമങ്ങൾക്ക് അംഗീകാരം നൽകാതെ കാലതാമസം വരുത്തുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ്. ഈ വിഷയത്തിൽ മുതിർന്ന അഭിഭാഷകൻ ഫാലി. s. നരിമാന്റെ അഭിപ്രായം സർക്കാർ തേടിയിരുന്നു. ബില്ലുകളിൽ ഗവർണർ ആവശ്യപ്പെട്ട വിശദീകരണങ്ങൾ ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥരും നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസ് നടത്തിപ്പിനായി മുൻ അറ്റോണി ജനറൽ കെ കെ വേണുഗോപാലിന്റെ സേവനം തേടുമെന്നും മുഖ്യമന്ത്രി പത്രം സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ സുപ്രീംകോടതിയിൽ പോകുന്നതോടെ സർക്കാരിന്റെ ആശയക്കുഴപ്പം മാറിക്കിട്ടും എന്നും 40 ലക്ഷം രൂപ മുടക്കി സർക്കാർ നിയമപദേശം തേടിയിട്ട് എന്തുണ്ടായി ഗുണം എന്നും സമ്മർദ്ദങ്ങൾക്ക് താൻ വഴങ്ങില്ലെന്നും തന്റെ ബോധ്യത്തിലാണ് മുന്നോട്ടുപോകുന്നതെന്നും ഗവർണർ പ്രതികരിച്ചു.