Kerala News

നിയമന കോഴ വിവാദം; പണം കൈമാറുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഇല്ല

നിയമന കോഴ വിവാദത്തില്‍ പരാതിക്കാരന്‍ ഹരിദാസും ബാസിത്തും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഏപ്രില്‍ പത്തിന് ഉച്ചകഴിഞ്ഞ് ബാസിത്തും ഹരിദാസും സെക്രട്ടറിയേറ്റിന് സമീപമെത്തി. ഇരുവരും സ്ഥലത്ത് നിന്ന് മടങ്ങുകയും ചെയ്തു. പണം ആര്‍ക്കെങ്കിലും കൈമാറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ഇല്ല.

പരാതിക്കാരന്‍ ആദ്യം മുതലേ ആരോപിച്ചതും മാധ്യമങ്ങളോട് പറഞ്ഞതും ഏപ്രില്‍ പത്തിന് സെക്രട്ടറിയേറ്റിന് സമീപമെത്തി ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന് ഒരു ലക്ഷം രൂപ നല്‍കിയെന്നായിരുന്നു. ഇന്നലെ പൊലീസ് മൊഴി പരിശോധിച്ചപ്പോഴാണ് ഹരിദാസന്റെ മൊഴിയില്‍ ചില സംശയങ്ങള്‍ ഉന്നയിച്ചത്. ഏപ്രില്‍ 10ന് ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യു പത്തനംതിട്ടയിലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച ടവര്‍ ലൊക്കേഷന്‍. 10നും പതിനൊന്നിനും പരാതിക്കാരന്‍ ഹരിദാസന്‍ തിരുവനന്തപുരത്തുണ്ടെന്ന ലൊക്കേഷന്‍ വിവരവും പൊലീസ് ശേഖരിച്ചു.

ഹരിദാസനും അഖില്‍ മാത്യുവും ഒരു തവണ പോലും ഫോണില്‍ സംസാരിച്ചില്ലെന്നും പൊലീസ് കണ്ടെത്തി. ഇതോടെയാണ് ആദ്യം ആള്‍മാറാട്ടം സംശയിച്ചത്. പിന്നാലെ സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഈ പരിശോധയിലാണ് നിര്‍ണായക വിവരങ്ങള്‍. ഏപ്രില്‍ 10ന് ബാസിത്തും ഹരിദാസും സെക്രട്ടറിയേറ്റിലെത്തിയെന്നും ആര്‍ക്കും പണം കൈമാറിയിട്ടില്ലെന്നും ഇരുവരും അല്‍പസമയത്തിനകം മടങ്ങിയെന്നും ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് വ്യക്തമായി.

Related Posts

Leave a Reply