Kerala News

നിയമന കോഴക്കേസ്; ഹരിദാസനും ബാസിതും ഇന്ന് കന്റോണ്‍മെന്റ് പൊലീസിന് മുന്നില്‍ ഹാജരായേക്കും

തിരുവനന്തപുരം: നിയമന കോഴക്കേസില്‍ ഹരിദാസനും ബാസിതും ഇന്ന് കന്റോണ്‍മെന്റ് പൊലീസിന് മുന്നില്‍ ഹാജരായേക്കും. മൊഴിയിലെ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബാസിതിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചത്. ബാസിതിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് അഖില്‍ സജീവന്‍ പൊലീസിന് നല്‍കിയ മൊഴി. ഹരിദാസന്റെ മകന്റെ ഭാര്യക്ക് ജോലി ആവശ്യമുണ്ടെന്ന് ലെനിന്‍ രാജിനെ അറിയിച്ചതും ബാസിതാണന്നാണ് അഖില്‍ സജീവ് മൊഴി നൽകിയിട്ടുണ്ട്.

നേരത്തെ ബാസിതിനോട് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യം ചൂണ്ടിക്കാണിച്ച് ബാസിത് ഹാജരായിരുന്നില്ല. ചോദ്യം ചെയ്യലില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് നേരത്തെ ഹരിദാസന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. അതേസമയം ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസിലെ മുഖ്യപ്രതിയായ ലെനിന്‍ രാജിനെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല.

തട്ടിപ്പിലെ പ്രധാനികള്‍ കോഴിക്കോട്ടെ നാലംഗ സംഘമാണെന്നാണ് അഖില്‍ സജീവിന്റെ മൊഴി. എഐവൈഎഫ് നേതാവ് ആയിരുന്ന അഡ്വ.ബാസിത്, അഡ്വ. റഹീസ്, അഡ്വ.ലെനിന്‍ രാജ്, അനുരൂപ് എന്നിവര്‍ ആണ് ആ നാലംഗസംഘം എന്നാണ് അഖില്‍ പറയുന്നത്. അഖിൽ സജീവിന്റെ ബാങ്ക് അക്കൗണ്ടിലൂടെ മറിഞ്ഞുപോയത് ലക്ഷങ്ങളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാന വ്യാപകമായി സംഘം തട്ടിപ്പ് നടത്തിയതായുള്ള പരാതികൾ ഇതിനകം ഉയർന്നിട്ടുണ്ട്. പത്തനംതിട്ടയിലെ തട്ടിപ്പിന് ബിജെപി ബന്ധവും ഉണ്ട്. പത്തനംതിട്ടയിലെ കേസിൽ യുവമോർച്ച നേതാവ് പ്രതിയാണ്. സ്പൈസസ് ബോർഡിലെ നിയമനത്തിനായുള്ള പണം അഖിൽ സജീവ് നൽകിയത് യുവമോർച്ച നേതാവിൻറെ അക്കൗണ്ടിലേക്കാണ്. അഖിൽ സജീവും യുവമോർച്ച നേതാവും ബിസിനസ് പങ്കാളികളാണ് എന്നും പൊലീസ് കണ്ടെത്തിയിരുന്നു.

സിഐടിയു പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിലെ ഫണ്ട് വെട്ടിച്ച കേസിലും സ്‌പൈസസ് ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയ കേസിലുമാണ് അഖില്‍ സജീവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ അഖില്‍ സജീവ് ഒളിവില്‍പോയിരുന്നു. തമിഴ്‌നാട് തേനിയില്‍ നിന്നാണ് അഖില്‍ സജീവിനെ പിടികൂടിയത്. റിപ്പോര്‍ട്ടര്‍ ടിവിയാണ് നിയമനതട്ടിപ്പ് കേസ് പുറത്തുകൊണ്ടുവന്നത്. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അഖില്‍ സജീവിനെ അറസ്റ്റ് ചെയ്തത്. സിഐടിയു പത്തനംതിട്ട ജില്ലാ നേതൃത്വം നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ അഖില്‍ സജീവ് പണം തട്ടിയെടുത്തതായി നേതൃത്വം പരാതി നല്‍കിയിരുന്നു.

Related Posts

Leave a Reply