ദില്ലി: നിതി ആയോഗിലെ മുൻ ജീവനക്കാരി ചീസ്ത കൊച്ചാർ ലണ്ടനിൽ വാഹനാപകടത്തിൽ മരിച്ചു. വീട്ടിലേക്ക് സൈക്കിളിൽ പോകുന്നതിനിടെയാണ് 33 കാരിയായ ചീസ്തയെ ട്രക്ക് ഇടിച്ചത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പിഎച്ച്ഡി ചെയ്യാനാണ് ഇംഗ്ലണ്ടിലേക്ക് പോയത്. നിതി ആയോഗിൻ്റെ മുൻ സിഇഒ അമിതാഭ് കാന്താണ് മരണ വാർത്ത പുറത്തുവിട്ടത്. മാർച്ച് 19നാണ് അപകടമുണ്ടായതെന്ന് പിതാവ് അറിയിച്ചു. ക്യാമ്പസിൽ നിന്ന് വീട്ടിലേക്ക് സൈക്കിളിൽ മടങ്ങുമ്പോൾ ട്രക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. നേരത്തെ ഗുരുഗ്രാമിൽ താമസിച്ചിരുന്ന ചീസ്ത, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഓർഗനൈസേഷണൽ ബിഹേവിയർ മാനേജ്മെൻ്റിൽ പിഎച്ച്ഡി നേടുന്നതിനായി കഴിഞ്ഞ സെപ്തംബറിലാണ് ലണ്ടനിലേക്ക് മാറിയത്. ഡൽഹി യൂണിവേഴ്‌സിറ്റി, അശോക യൂണിവേഴ്‌സിറ്റി, പെൻസിൽവാനിയ, ഷിക്കാഗോ യൂണിവേഴ്‌സിറ്റികളിലായാണ് ചീസ്ത പഠിച്ചത്. 2021-23 കാലയളവിൽ നിതി ആയോഗിലെ നാഷണൽ ബിഹേവിയറൽ ഇൻസൈറ്റ്സ് യൂണിറ്റ് ഓഫ് ഇന്ത്യയുടെ സീനിയർ അഡ്വൈസറായിരുന്നു.