എസ്എഫ്‌ഐ മുന്‍ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കായംകുളം എം.എസ്.എം കോളജ് പ്രിന്‍സിപ്പലിനെതിരെ നടപടി. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ഡോ.മുഹമ്മദ് താഹയെ കേരള സര്‍വകലാശാല നീക്കി. ആറ് അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ മാനേജ്‌മെന്റിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മുന്‍ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസ് വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എം.എസ്.എം കോളജില്‍ എം.കോമിന് പ്രവേശനം നേടിയതിലാണ് കേരള സര്‍വകലാശാലയുടെ നടപടി. നിഖില്‍ തോമസിന്റെ പ്രവേശനത്തില്‍ കോളജിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് സര്‍വകലാശാല രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള കമ്മിഷന്‍ കണ്ടെത്തി. കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും ഇതില്‍ കോളജ് ആവശ്യമായ പരിശോധന നടത്തിയില്ല. തുടര്‍ന്ന് മാനേജ്‌മെന്റിനോടും പ്രിന്‍സിപ്പലിനോടും വിശദീകരണം തേടി. ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഡോ.മുഹമ്മദ് താഹയെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും നീക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്. ആറു അധ്യാപകര്‍ക്കെതിരെ നടപടിയെടുത്ത് മാനേജ്‌മെന്റ് സര്‍വകലാശാലയെ അറിയിക്കണമെന്നും സര്‍വകലാശാല നിര്‍ദേശിച്ചു.