പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ നാല് വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊന്ന കേസിൽ പിതൃ സഹോദരന്റെ ഭാര്യ അറസ്റ്റിൽ. വണ്ണാമല തുളസി നഗർ സ്വദേശി ദീപ്തി ദാസാണ് (29) അറസ്റ്റിലായത്. വണ്ണാമല തുളസി നഗറിൽ മധുസൂദനന്റെ മകൻ ഋത്വികിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊഴിഞ്ഞാമ്പാറ പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡിസംബർ 11നായിരുന്നു സംഭവം. മറ്റു കുടുംബാംഗങ്ങൾ വീട്ടിൽ ഇല്ലാത്ത സമയത്ത് ദീപ്തി ദാസ് ഋത്വികിനെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. ഋത്വികിനെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലയ്ക്ക് ശേഷം ആയുധം ഉപയോഗിച്ച് സ്വയം മുറിവേൽപ്പിച്ച മധുസൂദനന്റെ ജേഷ്ഠന്റെ ഭാര്യ ദീപ്തി ദാസിനെ സാരമായ പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിൽ കഴിയുന്നയാളാണ് ദീപ്തി ദാസ് എന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.