Kerala News

നാല് ജില്ലകളിൽ ഉറക്കം കെടുത്തിയ അർധ നഗ്നമോഷ്ടാവ് പിടിയില്‍

രാത്രികാലങ്ങളില്‍ അര്‍ദ്ധനഗ്നനായി വീടുകളിലെത്തി സ്വര്‍ണാഭരണങ്ങള്‍ കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. തളിപറമ്പ് സ്വദേശി ഷാജഹാനെയാണ് കണ്ണൂര്‍ ടൗൺ പോലീസ് പിടികൂടിയത്. കോട്ടയം, ആലപ്പുഴ, കാസര്‍കോഡ്, കണ്ണൂര്‍ എന്നീ ജില്ലകളിലെ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. അടിവസ്ത്രവും ബനിയനും മാസ്കും ധരിച്ചാണ് ഷാജഹാന്‍ വീടുകളില്‍ മോഷണത്തിനെത്തിയിരുന്നത്. സ്ഥിരം മോഷണം നടത്തിയിരുന്ന ആളായിട്ടും പ്രതിയെ കുറിച്ച് പോലീസിന് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയെ കണ്ടെത്തിയത്. ഇതോടെ മോഷ്ടാവിനെ പിടികൂടാനായി പോലീസ് തയാറെടുപ്പുകള്‍ നടത്തി. 2004 മുതലാണ് ഷാജഹാന്‍ മോഷണം ആരംഭിക്കുന്നത്. പിന്നാലെ  2009ല്‍ ഒരു കേസില്‍ പിടിക്കപ്പെട്ടതോടെ  ജയില്‍ശിക്ഷ അനുഭവിച്ചു, പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തി വീണ്ടും മോഷണം ആരംഭിച്ചു. സ്വര്‍ണം മാത്രം ലക്ഷ്യം വെച്ച് കവര്‍ച്ച നടത്തിയിരുന്ന ഷാജഹാന്‍ അടുത്തിടെ കാഞ്ഞങ്ങാടുള്ള വീട്ടില്‍ നിന്നും 35 പവന്‍ മോഷ്ടിച്ചതായി സ്ഥിരീകരിച്ചു. വീടുപണിയുടെ ആവശ്യത്തിനായി ഭാര്യയുടെ സ്വര്‍ണാഭരണങ്ങളാണ് എന്ന വ്യാജേനയാണ് ജ്വല്ലറിയില്‍ ഇവ വില്‍ക്കാന്‍ കൊണ്ടുപോയിരുന്നത്. വിരലടയാളം പോലും ബാക്കിവെക്കാതെയുള്ള മോഷണരീതിയാണ് ഷാജഹാന്റേത്. അയ്യായിരത്തോളം സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അവസാനം ഷാജഹാന്‍ പോലീസിന്‍റെ പിടിയിലായത്. മോഷണത്തിനായുള്ള യാത്ര ബസിലാണെന്ന സൂചനയുടെ പേരില്‍ ബസുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. കോട്ടയം, ആലപ്പുഴ, കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളിലല്ലാതെ മറ്റേതെങ്കിലും സ്ഥലങ്ങളില്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Related Posts

Leave a Reply