കോട്ടയം: നായ പരിശീലനകേന്ദ്രത്തിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തിയ കേസില്‍ പ്രതി റോബിന് ജോര്‍ജ് പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ പിതാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. കോട്ടയം കുമാരനല്ലൂരിലെ ‘ഡെല്‍റ്റ കെ-9’ എന്ന നായ പരിശീലനകേന്ദ്രത്തില്‍നിന്ന് 18 കിലോ കഞ്ചാവാണ് പോലീസ് സംഘം പിടിച്ചെടുത്തത്. നായകളെ പരിശീലിപ്പിക്കുന്നതിന്റെ പേരില്‍ വാടകയ്ക്ക് വീടെടുത്ത് റോബിന് ജോര്‍ജ് എന്നയാളാണ് ലഹരിവില്‍പ്പന നടത്തിയിരുന്നത്. പതിമൂന്നോളം നായ്ക്കളാണ് ഇയാളുടെ കേന്ദ്രത്തിലുണ്ടായിരുന്നത്. മിക്കസമയത്തും നായ്ക്കളെ അഴിച്ചുവിടുന്നതിനാല്‍ ആരും ഇവിടേക്ക് അടുത്തിരുന്നില്ല. കാക്കി കണ്ടാല്‍ കടിക്കാന്‍ വരെ ഇയാള്‍ നായകളെ പരിശീലിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞിരുന്നു. അമേരിക്കന്‍ ബുള്ളി, പിറ്റ്ബുള്‍ തുടങ്ങിയ മുന്തിയ ഇനത്തിലുള്ള നായകളാണ് റോബിന്റെ വീട്ടിലുണ്ടായിരുന്നത്. ഇവയെ പരിശീലിപ്പിക്കുന്ന നിരവധി വീഡിയോകള്‍ ഇയാളുടെ ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്. നായകള്‍ക്കൊപ്പം കളിക്കുന്നതും അവയെ പരിശീലിപ്പിക്കുന്നതും വീഡിയോകളില്‍ കാണാം. പരിശീലന കേന്ദ്രത്തിന് മുന്നിലെത്തുന്നവര്‍ക്ക് നേരേ നായ്ക്കള്‍ കുരച്ചുചാടുന്നതും ചില ദൃശ്യങ്ങളിലുണ്ട്.
