പത്തനംതിട്ട: പാനൂർ വിഷയത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിൽ ബോംബ് നിർമ്മിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടിലെ മരണവീട്ടിൽ സിപിഐഎം പ്രവർത്തകർ പോകുന്നത് സ്വാഭാവികമാണെന്ന് പാനൂരിൽ ബോംബ് സ്ഫോടനത്തിൽ മരിച്ചയാളുടെ വീട്ടിൽ പാർട്ടി പ്രവർത്തകർ പോയതിനോട് മുഖ്യമന്ത്രി പ്രതികരിച്ചു. മരണവീട്ടിൽ പോയി ബന്ധുക്കളെ കാണുന്നതിലും ആശ്വസിപ്പിക്കുന്നതിലും തെറ്റില്ലെന്നും മുഖ്യമന്ത്രി പത്തനംതിട്ടയില് പറഞ്ഞു. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ഇടത് പക്ഷത്തെ നിർവീര്യമാക്കാം എന്ന് ബിജെപി കരുതേണ്ട. തൃശൂരിൽ ഇടത് പക്ഷത്തിൻ്റെ പ്രചരണത്തിന് ജനങ്ങൾ പണം തരും. ബാങ്ക് അക്കൗണ്ട് സ്തംഭിപ്പിച്ചാൽ സുരേഷ് ഗോപിയെ ജയിപ്പിക്കാം എന്നാണ് ബിജെപി കരുതുന്നത്. തൃശ്ശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താകും.
തൃശ്ശൂരിൽ ഇടതുപക്ഷം വിജയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ തോമസ് ഐസക്കിനെ പിന്തുണച്ച് മുഖ്യമന്ത്രി രംഗത്തെത്തി. തോമസ് ഐസക്കിന് ഇഡി തുടർച്ചയായി നോട്ടീസ് അയയ്ക്കുന്നുണ്ട്. ഐസക് വ്യക്തിപരമായല്ല കിഫ്ബിയിൽ തീരുമാനമെടുത്തത്. കേരളം കടക്കെണിയിൽ പെട്ട സംസ്ഥാനമല്ല. അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ചത്. കിഫ്ബിയുടെ പേരിൽ കേന്ദ്ര ഏജൻസികൾ സർക്കാരിന്റെ മേൽ കുതിര കയറാൻ ശ്രമിക്കുകയാണ്. പ്രഖ്യാപിത ലക്ഷ്യങ്ങൾ നിറവേറ്റി. കേരളത്തിൽ വികസനം വന്നപ്പോൾ ചിലർക്ക് വല്ലാത്ത അസ്വസ്ഥതയുണ്ടായി. ആശുപത്രികൾ സ്കൂളുകൾ എന്നിവ ലോകനിലവാരത്തിൽ ഉയർന്നു. വികസനത്തിന് ഭരണ പ്രതിപക്ഷ ഭേദമില്ല. കേന്ദ്ര ഏജൻസികളെ ഇറക്കി വിരട്ടാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
കിഫ്ബിയുടേത് സുതാര്യമായ നിലപാടാണ്. കിഫ്ബിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് ശക്തമായ സംവിധാനമുണ്ട്. രഹസ്യമായ ഒന്നും കിഫ്ബിയിൽ ഇല്ല. ഇതെല്ലാം കേന്ദ്ര ഏജൻസികൾക്ക് അറിയാം. കേന്ദ്ര ഏജൻസികൾ ഒരു കളി കളിച്ചു നോക്കുകയാണ്. എന്തോ ഉണ്ട് എന്ന തെറ്റിദ്ധാരണ ജനങ്ങളിൽ പരത്താൻ കേന്ദ്ര ഏജൻസി ശ്രമിക്കുന്നു. കൃത്യമായ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഇതിന് പിന്നിൽ. പ്രതിപക്ഷം കേന്ദ്ര ഏജൻസികളെ സഹായിക്കുന്ന നിലപാടെടുക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റേത് സംസ്ഥാനത്തെ ഒറ്റു കൊടുക്കുന്നതിന് തുല്യമായ നടപടി. വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള ഗൂഢാലോചന കേരളത്തിൽ നടക്കുന്നുണ്ട്. കേരളത്തിലേക്ക് ഇഡിയെ എത്തിക്കാനുള്ള ഏജൻസിപ്പണി കോൺഗ്രസ് മതിയാക്കണം. തോമസ് ഐസക്കിനെതിരെ പ്രതിപക്ഷ നേതാവ് സംസാരിക്കുന്നുണ്ട്. ഇഡി ഐസക്കിന് നോട്ടീസ് അയക്കുമ്പോൾ പ്രതിപക്ഷ നേതാവ് പിന്തുണയ്ക്കുന്നു. ഐസക്കിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാം എന്ന ചിന്ത ഉണ്ടെങ്കിൽ വേണ്ട. ഐസക്കിനെ വശം കെടുത്തിക്കളയാം എന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.