കണ്ണൂർ എഡിഎം ആയിരുന്ന കെ. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ സിബിഐ അന്വേഷണം വേണ്ടതില്ല എന്ന സർക്കാർ നിലപാട് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിക്കും.
നിലവിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് വീഴ്ചയില്ലെന്നും നവീൻ ബാബുവിന്റെ കുടുംബത്തോട് നീതിപുലർത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത് എന്നും സർക്കാർ കോടതിയിൽ അറിയിക്കും. കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി അറിയിക്കാനും കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. അന്വേഷണം ഏറ്റെടുക്കാനാകുമോ എന്നതിലെ സിബിഐ നിലപാടും കോടതിയിൽ നിർണായകമാകും.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടിയിരുന്നു. ആത്മഹത്യയല്ല കൊലപാതകമെന്ന് സംശയമുണ്ടെന്ന് നവീൻ ബാബുവിന്റെ കുടുംബം ആരോപിച്ചുിരുന്നു. നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം പേരിന് മാത്രമെന്ന് കുടുംബം ഹൈക്കോടതിയിൽ പറഞ്ഞിരുന്നു.