കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണം നേരിടുന്ന പി പി ദിവ്യക്കെതിരെ കളക്ടറേറ്റ് ജീവനക്കാരുടെ മൊഴി. അപ്രതീക്ഷിതമായാണ് ദിവ്യ പരിപാടിയില്‍ എത്തിയതെന്നും ക്ഷണിച്ചതായി അറിയില്ലെന്നും നവീന്‍ ബാബുവിന്റെ യാത്രയയപ്പില്‍ പങ്കെടുത്ത കളക്ടറേറ്റ് ജീവനക്കാര്‍ മൊഴി നല്‍കി.
ദിവ്യയുടെ പ്രസംഗത്തിന് ശേഷം നവീന് മാനസിക പ്രയാസം ഉള്ളതായി തോന്നിയിരുന്നു. നവീന്‍ ബാബുവിന്റെ മറുപടി പ്രസംഗം ചുരുക്കം വാക്കുകളിലായിരുന്നു. രണ്ടോ മൂന്നോ മിനിറ്റ് മാത്രമാണ് എഡിഎം സംസാരിച്ചത്. ജില്ലാ കളക്ടറും പ്രസംഗം ചുരുക്കിയിരുന്നു. യാത്രയയപ്പില്‍ ദിവ്യ മാത്രമാണ് എഡിഎമ്മിനെ കുറ്റപ്പെടുത്തി സംസാരിച്ചതെന്നും ജീവനക്കാരുടെ മൊഴിയിലുണ്ട്.
യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ദിവ്യയ്‌ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെയാണ് യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്തത്. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിവ്യ കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ കക്ഷി ചേരാനാണ് നവീന്റെ കുടുംബത്തിന്റെ തീരുമാനം.