Kerala News

നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പി പി ദിവ്യ ജില്ലാ അധ്യക്ഷ സ്ഥാനം രാജിവെച്ചതുകാണ്ട് കാര്യമില്ല, പൊലിഞ്ഞ ജീവന്‍ തിരിച്ച് കൊടുക്കാന്‍ സാധിക്കുമോയെന്നും വി ഡി സതീശന്‍ ചോദിച്ചു. പി പി ദിവ്യക്കെതിരായ സിപിഐഎം നടപടിക്ക് പിന്നാലെയാണ് പ്രതികരണം.

‘ക്ഷണിക്കപ്പെടാതെ എത്തി, പിന്നെ വാക്കുകള്‍ കൊണ്ട് ഒരു മനുഷ്യ ജീവന്‍ അവസാനിപ്പിച്ചു. എല്ലാം കഴിഞ്ഞ്, രാജി കൊണ്ട് പരിഹാരമാകുമോ? ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യയുടേയും അച്ഛന്‍ നഷ്ടപ്പെട്ട മക്കളുടെയും വേദന ഇല്ലാതാകുമോ? പൊലിഞ്ഞ ജീവന്‍ തിരിച്ച് കൊടുക്കാന്‍ ആകുമോ? ജനരോഷം ഭയന്നുള്ള രാജി കൊണ്ട് കാര്യമില്ല. രാജിവച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം’, വി ഡി സതീശന്‍ പറഞ്ഞു.

എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യക്കെതിരെ പ്രതിഷേധം ശക്തമാവുമ്പോഴും ദിവ്യയെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു. അതിനിടെയാണ് പദവിയില്‍ നിന്നും പുറത്താക്കികൊണ്ടുള്ള നടപടി. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു പി പി ദിവ്യ ആരോപണം ഉന്നയിച്ചത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു.

Related Posts

Leave a Reply