കൊച്ചി പനമ്പള്ളിനഗറിൽ നവജാത ശിശുവിനെ കൊലപാതകത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. തൃശൂർ സ്വദേശിയായ ആൺ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി. താൻ പീഡനത്തിന് ഇരയായതായും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് തന്നെ നിർബന്ധിച്ചു ലൈംഗിക പീഡനം നടത്തിയതെന്നും യുവതി പോലീസിന് മൊഴി നൽകിയരുന്നു. പിന്നാലെ ആൺ സുഹൃത്ത് പൊലീസ് നിരീക്ഷണത്തിലായിരുന്നു.
യുവതിയുമായി സൗഹൃദം മാത്രമെന്നാണ് ആൺ സുഹൃത്തിന്റെ മൊഴി. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി യുവതിയെ റിമാൻഡ് ചെയ്യും. യുവതിയുടെ മൊഴി രേഖപ്പെടുത്തും. ഇന്നലെ രാവിലെ 8 മണിയോടെ പനമ്പിള്ളി നഗറിൽ നടുറോഡിൽ ആണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ കേസിലാണ് കുട്ടിയെ കൊലപ്പെടുത്തിയ ശേഷമാണ് പാഴ്‌സൽ കവറിലാക്കി ഫ്‌ലാറ്റിൽ നിന്ന് പുറത്തെറിഞ്ഞത് എന്ന് കണ്ടെത്തിയിരിക്കുന്നത്.
കുട്ടി കൊല്ലപ്പെടും മുൻപ് തന്നെ ശരീരത്തിൽ ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. തലയോട്ടിക്കടക്കം ഗുരുതരമായി പരുക്കേറ്റിരുന്നു. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതി മൊഴി നൽകി. കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും വായിൽ തുണി തിരുകിയെന്നും യുവതി പൊലീസിന് മൊഴി നൽകി.