Kerala News

നവജാത ശിശുവിന്റെ കൊലപാതകം; അമ്മ അറസ്റ്റിൽ, ആൺ സുഹൃത്തിനെ കണ്ടെത്തി

കൊച്ചി: പനമ്പള്ളിന​ഗറിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. യുവതിയുടെ ആൺ സുഹൃത്തിനെ പൊലീസ് കണ്ടെത്തി. ഇന്ന് പുലർച്ചെ പ്രസവിച്ച് ഇവർ കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫ്ലാറ്റിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. കൃത്യം നടത്തിയത് യുവതി ഒറ്റയ്ക്കാണ്. മാതാപിതാക്കൾക്ക് യുവതി ​​ഗർഭിണിയാണെന്ന് അറിയില്ലായിരുന്നു. യുവതി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് പൊലീസ് സംശയിക്കുന്നത്. ഇതിനിടെ യുവതി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.

ഫ്ളാറ്റിലെ ശുചിമുറിയിൽ വച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് വിവരം. തുണി ഉപയോ​ഗിച്ച് കഴുത്തുമുറുക്കിയാണ് കൊലപ്പെടുത്തിയത്. ശേഷം കവറിലാക്കി എറിയുകയായിരുന്നു. സമീപത്തെ മാലിന്യക്കൂമ്പാരത്തിലേക്കാണ് എറി‍ഞ്ഞത്. എന്നാൽ ഉന്നം തെറ്റി നടുറോഡിലേക്ക് വീഴുകയായിരുന്നു. പൊലീസ് പരിശോധനയിൽ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയിരുന്നു.

സംഭവത്തിൽ പ്രതികളിലേക്കെത്താൻ പൊലീസിനെ സഹായിച്ചത് കൊറിയർ കവറിലെ മേൽവിലാസമാണ്. കുഞ്ഞിന്റെ മൃതദേഹം പൊതിഞ്ഞിരുന്നത് ആമസോൺ സൈറ്റിൽ നിന്ന് വന്ന കൊറിയർ കവറിലായിരുന്നു. ഇതിലുണ്ടായിരുന്ന ഫ്ലാറ്റ് മേൽവിലാസം കൃത്യമായി പൊലീസിനെ പ്രതികളിലേക്കെത്തിക്കുകയായിരുന്നു.

Related Posts

Leave a Reply