Kerala News

നവകേരള സദസ്സിന് ബദലായി കുറ്റവിചാരണ സദസ്; അടിയന്തര യു.ഡി.എഫ് നേതൃയോഗം ഇന്ന് ചേരും

അടിയന്തര യു.ഡി.എഫ് നേതൃയോഗം ഇന്ന് ചേരും. വൈകുന്നേരം ഓൺലൈനയാണ് യോഗം ചേരുക. സംസ്ഥാന സർക്കാരിൻ്റെ നവകേരള സദസ്സിന് ബദലായി യു.ഡി.എഫ് സംഘടിപ്പിക്കുന്ന കുറ്റവിചാരണ സദസിൻ്റെ നടത്തിപ്പ് സംബന്ധിച്ച ചർച്ചകളാണ് മുഖ്യ അജണ്ടയെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

കേരളീയം പരിപാടി ബഹിഷ്കരിച്ച പ്രതിപക്ഷം വരും ദിവസങ്ങളിൽ സർക്കാരിൻ്റെ ധൂർത്ത് കൂടുതൽ ജനശ്രദ്ധയിലേക്ക് എത്തിക്കാൻ ശ്രമിക്കും. അത് സംബന്ധിച്ച ആലോചനകളും ഉണ്ടാവും. പങ്കാളിത്വ പെൻഷൻ പുനപരിശോധിക്കാനായി സർക്കാർ സമിതിയെ നിയോഗിച്ചത് സംബന്ധിച്ച രാഷ്ട്രീയ വിലയിരുത്തലും യോഗത്തിൽ ഉണ്ടാകും. കളമശേരി സ്ഫോടനത്തിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യവും യോഗം വിലയിരുത്തും.

കേരളീയം മേളയ്ക്ക് ഇന്നലെ തിരുവനന്തപുരത്ത് തുടക്കമായി. പരിപാടിക്കായി കമൽഹാസൻ. മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും സെൻട്രൽ സ്റ്റേഡിയത്തിലെത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ തിരികൊളുത്തി കേരളീയം ഉദ്ഘാടനം ചെയ്‌തു. വിവിധ വകുപ്പ് മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും. മന്ത്രി കെ രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരളീയയം പ്രവർത്തന റിപ്പോർട്ട് അവതരണം ചീഫ് സെക്രട്ടറി വേണു അവതരിപ്പിച്ചു. കേരളീയം സംഘാടക സമിതി ചെയർമാൻ മന്ത്രി വി ശിവൻകുട്ടി സംസാരിച്ചു.

ഏഴ് ദിവസങ്ങളിലായി തെരുവു വേദികൾ അടക്കം 44 ഇടങ്ങളിൽ ആണ് കേരളീയം നടക്കുന്നത്. കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യ മേളകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് കേരളീയത്തിൽ സർക്കാർ ഒരുക്കിയിരിക്കുന്നത്.

കേരളത്തിന്റെ ആകെ മഹോത്സവമാണ് കേരളീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇനി എല്ലാ വർഷവും കേരളീയം സംഘടിപ്പിക്കും. കേരളത്തിന് എല്ലാ രംഗത്തും തനത് വ്യക്തിത്വം ഉണ്ട്. തിരുവനന്തപുരത്തെ മുഖമുദ്രയുള്ള ആഘോഷമായി കേരളീയം മാറും. കേരളീയതയിൽ അഭിമാനിക്കുന്ന മനസ് കേരളയീർക്ക് ഉണ്ടാകണം. കേരളത്തിന് എല്ലാ രംഗത്തും തനതായ വ്യക്തിത്വമുണ്ടെന്നും നമുക്ക് നമ്മുടേത് മാത്രമായ ഒരു സ്വത്വമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിർഭാഗ്യവശാൽ നാം അത് തിരിച്ചറിയാറില്ലെന്നും ആ രീതി മാറേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. പല കാര്യത്തിലും കേരളം മുന്നിലാണെന്ന കാര്യം ഉയർത്തിക്കാട്ടാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

Related Posts

Leave a Reply