നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസിന് പൂർണ സജ്ജമായി തിരുവനന്തപുരം ജില്ല. ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു, ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി ആർ അനിൽ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് എന്നിവരടങ്ങിയ സംഘം വാമനപുരം, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട, നേമം മണ്ഡലങ്ങളിൽ നേരിട്ടെത്തി ഒരുക്കങ്ങൾ വിലയിരുത്തി. എല്ലാ മണ്ഡലങ്ങളിലും നവകേരള സദസിനുള്ള മുന്നൊരുക്കങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. എല്ലായിടത്തും സംഘാടക സമിതികൾ രൂപീകരിക്കുകയും നവകേരള സദസിനുള്ള വേദി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ പരിപാടികളും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാകണം നടത്തണമെന്ന് മന്ത്രിമാർ നിർദേശം നൽകി.
നവംബർ 15ന് മുൻപ് തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ സ്വാഗത സംഘങ്ങൾ രൂപീകരിക്കും. നവംബർ 20ന് മുൻപ് ബൂത്തുതല സ്വാഗത സംഘങ്ങൾ രൂപീകരിക്കുകയും ഡിസംബർ അഞ്ചിനു മുമ്പ് വീട്ടുമുറ്റ സദസുകൾ നടത്തുകയും ചെയ്യണമെന്നും നിർദേശം നൽകി. ഒരു ബൂത്തിനു കീഴിൽ മൂന്നു വീട്ടുമുറ്റ സദസുകളെങ്കിലും സംഘടിപ്പിക്കണം. ഈ യോഗങ്ങളിൽ പ്രദേശത്തെ വിവിധ വികസന വിഷയങ്ങളും പൊതുജനങ്ങൾക്കുള്ള വിവിധ പരാതികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വീകരിക്കും. ഇത്തരം പരാതികൾ ഉദ്യോഗസ്ഥർ പരിശോധിച്ചു തീരുമാനമെടുത്ത് അപേക്ഷകരെ അറിയിക്കും. പരാതി സ്വീകരിക്കുന്നതിനു നവകേരള സദസിന്റെ വേദികളിൽ പ്രത്യേക കൗണ്ടറുകളുമുണ്ടാകും. സ്ത്രീകൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തും.
സദസ്സ് നടക്കുന്ന സ്ഥലത്ത് അയ്യായിരം പേർക്ക് ഇരിക്കാനുള്ള കസേരകൾ, വാഹന പാർക്കിംഗ് സംവിധാനം,കുടിവെള്ളം, പ്രാഥമിക ആവശ്യങ്ങൾക്കുള്ള സംവിധാനങ്ങൾ, മെഡിക്കൽ ടീം എന്നിവയും സജ്ജീകരിക്കും. ഇതിനോടനുബന്ധിച്ച് സാംസ്കാരിക പരിപാടികളും ഉണ്ടാകും. വ്യത്യസ്ത മേഖലകളിൽ മികവു തെളിയിച്ചവരെ യോഗത്തിൽ ആദരിക്കും. സദസിനോടനുബന്ധിച്ച് പഞ്ചായത്ത് തലത്തിൽ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്താനും മന്ത്രിമാർ നിർദ്ദേശം നൽകി. വാമനപുരം മണ്ഡലത്തിൽ നവകേരള സദസിന്റെ പ്രചാരണാർത്ഥം തയ്യാറാക്കിയ തീം സോങ്ങ് മാതൃകയാണെന്നും എല്ലാ മണ്ഡലങ്ങളിലും ഇത്തരം നൂതന പ്രചാരണ പദ്ധതികൾ ആവിഷ്ക്കരിക്കണമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഡി കെ മുരളി എം എൽ എയും നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ മന്ത്രി ജി ആർ അനിലും ഗവ : വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജി സ്റ്റീഫൻ എം എൽ എയും കാട്ടാക്കട വിസ്മയ ഹോട്ടലിൽ ഐ ബി സതീഷ് എം എൽ എയും പൂജപ്പുര കൽമണ്ഡപത്തിൽ സംഘാടക സമിതി വൈസ് ചെയർമാൻ കരമന ഹരിയും അവലോകന യോഗങ്ങളിൽ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്തു പ്രതിനിധികൾ, സംഘാടക സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവരും സംബന്ധിച്ചു. നവകേരള സദസിന്റെ പ്രചരണാർത്ഥം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ ‘ധ്വനി’ ഓൺലൈൻ മാഗസിന്‍റെ നവകേരള സദസ് വിശേഷാല്‍ പതിപ്പും മന്ത്രി ആന്റണി രാജു വാമനപുരത്ത് പ്രകാശനം ചെയ്തു.
നാളെ (നവംബർ 11) വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൽ, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നെയ്യാറ്റിൻകര, പാറശാല, കോവളം മണ്ഡലങ്ങളിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എന്നിവർ പങ്കെടുക്കുന്ന മണ്ഡലതല അവലോകന യോഗങ്ങൾ നടക്കും.