നടി ഹണി റോസ് ഉന്നയിച്ച രൂക്ഷ വിമർശനങ്ങളോട് പ്രതികരിച്ച് രാഹുൽ ഈശ്വർ. സ്ത്രീ ശരീരം കണ്ടാല്‍ നിയന്ത്രണം പോകുമോ എന്ന ചോദ്യം താങ്കളുടെ മനസിലെ ദേഷ്യത്തില്‍ നിന്ന് വന്നതാണെന്ന് മനസിലാക്കുന്നു. ഹണിക്കെതിരെ / ഒരു സ്ത്രീക്കുമെതിരെ ഉള്ള ഒരു ദ്വയാര്‍ത്ഥ പ്രയോഗങ്ങളെയും താൻ ന്യായീകരിക്കുന്നില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു. വസ്ത്രധാരണത്തിലെ വിമര്‍ശനങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്ന് പറഞ്ഞ രാഹുൽ ഈശ്വർ അത് തനിക്ക് ‘നിയന്ത്രണ പ്രശ്നം’ ഉള്ളത് കൊണ്ടല്ല, പകരം നമ്മുടെ സമൂഹത്തില്‍ കുട്ടികള്‍, വളര്‍ന്നു വരുന്ന പെണ്‍കുട്ടികള്‍, പ്രായമായവര്‍, കുടുംബങ്ങള്‍ എന്നിവ ഉള്ളതുകൊണ്ടാണെന്നും പറഞ്ഞു. ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിനു ബൊച്ചെയെ 1 വര്‍ഷം ജയിലില്‍ ഇടണോ എന്ന് കൂടി താങ്കള്‍ ചിന്തിക്കണം എന്നും രാഹുൽ കൂട്ടിച്ചേർത്തു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
രാഹുല്‍ ഈശ്വറിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം :
പ്രിയപ്പെട്ട ശ്രീ / കുമാരി ഹണി റോസ്,
താങ്കളുടെ കലാപ്രവര്‍ത്തനങ്ങള്‍ക്കും സിനിമ കരിയറിനും ബഹുമാനം നേരുന്നു. ‘ബോയ്ഫ്രണ്ട് എന്ന താങ്കളുടെ ആദ്യ സിനിമയില്‍ എന്റെ സുഹൃത്ത് നാഷ് ഖാന്‍ വില്ലനായി അഭിനയിച്ചിരുന്നു. ഹണിയെ കുറിച്ച് വളരെ നല്ല അഭിപ്രായങ്ങള്‍ ആണ് മനസിലാക്കിയിട്ടുള്ളത് എല്ലാവരില്‍ നിന്നും. ബഹുമാനത്തോടെയുള്ള വിമര്‍ശനം / feedback ആയി ഇതെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. അമ്പലങ്ങളിലും പള്ളികളിലും ‘ഡ്രസ്സ് കോഡ്’ ഇപ്പോള്‍ തന്നെ ഉണ്ട് എന്ന കാര്യം ശ്രദ്ധയില്‍ പെടുത്തുന്നു. വിശുദ്ധ വത്തിക്കാനില്‍ പോകാന്‍ എനിക്ക് ഭാഗ്യം ലഭിച്ചപ്പോള്‍ അവിടെയും ഡ്രസ്സ് കോഡ് കാണാന്‍ ഉള്ള അവസരം എനിക്ക് ലഭിച്ചു.
ഭാഷയില്‍ എന്റെ നിയന്ത്രണത്തെ കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി അര്‍പിക്കുന്നു. സ്ത്രീ ശരീരം കണ്ടാല്‍ നിയന്ത്രണം പോകുമോ എന്ന ചോദ്യം താങ്കളുടെ മനസിലെ ദേഷ്യത്തില്‍ നിന്ന് വന്നതാണെന്ന് മനസിലാക്കുന്നു. ഹണിക്കെതിരെ / ഒരു സ്ത്രീക്കുമെതിരെ ഉള്ള ഒരു ദ്വയാര്‍ത്ഥ പ്രയോഗങ്ങളെയും ന്യായീകരിക്കുന്നില്ല .. പക്ഷെ .. ഒരു വലിയ പക്ഷെ ..
താങ്കള്‍ക്കെതിരെ ഉള്ള വസ്ത്രധാരണത്തിലെ വിമര്‍ശനങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അത് എനിക്ക് ‘നിയന്ത്രണ പ്രശ്നം’ ഉള്ളത് കൊണ്ടല്ല, പകരം നമ്മുടെ സമൂഹത്തില്‍ ഒരുപാടു തരം ആള്‍ക്കാള്‍ ഉണ്ട്. കുട്ടികള്‍, വളര്‍ന്നു വരുന്ന പെണ്‍കുട്ടികള്‍, പ്രായമായവര്‍, കുടുംബങ്ങള്‍ എന്നിവ ഉള്ളതുകൊണ്ടാണ്. ഹണിയെ പോലുള്ള കലാകാരികള്‍ വളര്‍ന്നു വരുന്ന പെണ്‍കുട്ടികള്‍ക്ക് നല്ല മാതൃകകളാകണം. അതോടൊപ്പം ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിനു ബൊച്ചെയെ 1 വര്‍ഷം ജയിലില്‍ ഇടണോ എന്ന് കൂടി താങ്കള്‍ ചിന്തിക്കണം. ഹണി ഉന്നയിച്ച പോയിന്റ് മുഖ്യമന്ത്രിയും, മാധ്യമങ്ങളും ഒക്കെ ഏറ്റെടുത്തു. ലൈംഗിക ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നിരുത്സാഹപ്പെടുത്തണം എന്ന പൊതു നിലപാടിലേക്ക് എല്ലാവരും എത്തിച്ചേര്‍ന്നു. Congrats (സിനിമയിലും ഇതു ബാധകമാകും എന്ന് പ്രതീക്ഷിക്കുന്നു) കലാകാരി എന്ന നിലയില്‍ വിമര്‍ശനം സ്വീകരിക്കാനും വിശാല മനസ്സോടെ കാര്യങ്ങള്‍ കാണാനും സാധിക്കട്ടെ. ജനുവരി 10 ന് ഇറങ്ങുന്ന റേച്ചല്‍ സിനിമയ്ക്കു ആൾ ദി ബെസ്റ്റ്.