Kerala News

നടി ഹണി റോസിനെ പിന്തുണടച്ച് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായി ഡബ്ല്യുസിസി

താന്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങളും വ്യവസായിയില്‍ നിന്ന് നേരിടേണ്ടി വരുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളും തുറന്നുപറഞ്ഞതില്‍ നടി ഹണി റോസിനെ പിന്തുണടച്ച് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായി ഡബ്ല്യുസിസി. ഹണി റോസിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് അവര്‍ക്കൊപ്പം എന്ന ഹാഷ്ടാഗിട്ടാണ് ഡബ്ല്യുസിസി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍പ് താരസംഘടനയായ അമ്മയും ഹണി റോസിന് പിന്തുണ നല്‍കുമെന്ന് അറിയിച്ചിരുന്നു.

ഒരു വ്യക്തി തന്നെ ദ്വായര്‍ത്ഥ പ്രയോഗത്തിലൂടെ നിരന്തരം ആക്ഷേപിക്കുന്നു എന്നായിരുന്നു ഹണിറോസിന്റെ രണ്ടുദിവസം മുമ്പുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. അതാരെന്ന് ചോദ്യത്തിന് ഇന്ന് നടി തന്നെ ഉത്തരം നല്‍കി. വ്യവസായി ബോബി ചെമ്മണൂര്‍. അശ്ലീല പരാമര്‍ശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് ഹണി റോസ് പ്രതികരിച്ചത്.

അതേസമയം ഹണി റോസിന്റെ ഫേസ് ബുക്ക് പോസ്റ്റിന് മോശം കമ്മന്റ് ഇട്ട 30 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തു.20 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പല കമന്റുകളും വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ്. അന്വേഷണത്തിന് വെല്ലുവിളിയാണെങ്കിലും ലൊക്കേഷന്‍ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം.

ഇതിനിടെ ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനില്‍ നേരിട്ട് എത്തി വിശദമായി മൊഴി നല്‍കി. തനിക്കെതിരെ മോശം കമന്റ് ഇട്ടവരുടെ സ്‌ക്രീന്‍ഷോട്ടുകളും പോലീസിന് കൈമാറി. നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാല്‍ സ്വമേധയാ കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം ഇന്നലെ അറസ്റ്റ് ചെയ്ത ഷാജിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

Related Posts

Leave a Reply