Entertainment Kerala News

നടി ശ്രീദേവികയ്ക്ക് പിന്നാലെ സംവിധായകൻ തുളസീ​ദാസിനെതിരെ ​ഗുരുതര ആരോപണവുമായി നടി ​ഗീതാ വിജയനും രംഗത്ത്.

കൊച്ചി: നടി ശ്രീദേവികയ്ക്ക് പിന്നാലെ സംവിധായകൻ തുളസീ​ദാസിനെതിരെ ​ഗുരുതര ആരോപണവുമായി നടി ​ഗീതാ വിജയനും രംഗത്ത്. 1991 ൽ ചാഞ്ചാട്ടം സിനിമാ ചിത്രീകരണത്തിനിടെ നേരിട്ട ദുരനുഭവമാണ് ​ഗീതാ വിജയൻ പങ്കുവെക്കുന്നത്. ഹോട്ടൽ മുറിയിൽ വച്ച് പലതവണ ശല്യം ചെയ്തു. ‌ഹോട്ടൽമുറിയുടെ ബെല്ലടിച്ച് നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നു. എതിർത്തപ്പോൾ പ്രതികാര ബുദ്ധിയോടെ പെരുമാറി. മൂന്ന് ദിവസം തുടർച്ചയായി ബുദ്ധിമുട്ടിച്ചു. താൻ ചീത്ത വിളിച്ചപ്പോൾ ഓടിപ്പോയി. പിന്നീട് സെറ്റിൽ വെച്ച് പ്രതികാര ബുദ്ധിയോടെ പെരുമാറി. സീൻ വിവരിച്ച് തരാൻ പോലും പിന്നീട് സംവിധായകൻ തയ്യാറായില്ല. സിനിമാ മേഖലയിൽ നിന്ന് ഇല്ലാതാക്കുമെന്ന് തുളസീദാസ് പറഞ്ഞിരുന്നു. നൊട്ടോറിയസ് ഡയറക്ടറെന്നാണ് എല്ലാവരും അയാളെ വിളിച്ചിരുന്നതെന്നും ​ഗീതാ വിജയൻ പറഞ്ഞു.

പ്രൊഡക്ഷൻ കൺഡ്രോളർ അരോമ മോഹനെതിരെയും ​ഗീതാ വിജയൻ ആരോപണം ഉന്നയിച്ചു. ഈ വിഷയത്തിൽ എഎംഎംഎയിൽ പരാതി നൽകിയിരുന്നു. അന്നത്തെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ ഫോണിൽ വിളിച്ചാണ് ആദ്യം പറഞ്ഞത്. പ്രൊജക്ടിന് വേണ്ടി വിളിക്കുമ്പോഴാണ് അരോമ മോഹൻ മോശമായി സംസാരിച്ചത്. ആ ചിത്രത്തിനായി പിന്നെ വിളിച്ചിട്ടില്ല. പരാതി നൽകിയിട്ടും അയാൾക്ക് ധാരാളം ചിത്രങ്ങൾ ഉണ്ട്. തനിക്കാണ് ചിത്രങ്ങളില്ലാതായതെന്നും ​ഗീതാ വിജയൻ വ്യക്തമാക്കി. ഓരോ സിനിമയിലും ഓരോ ആളുകളാണ് പവർഫുൾ. ഇടവേള ബാബു അരോമ മോഹനെ വിളിച്ച് ചീത്ത പറഞ്ഞു എന്നാണ് അറിഞ്ഞത്. തുളസീദാസിനെതിരെയുള്ള ശ്രീദേവികയുടെ പരാതിയിൽ അവർക്കൊപ്പം നിൽക്കുമെന്നും ​ഗീതാ വിജയൻ അറിയിച്ചു.

2006-ൽ അവൻ ചാണ്ടിയുടെ മകൻ സിനിമയുടെ സെറ്റിൽ വെച്ച് തനിക്ക് ദുരനുഭവം ഉണ്ടായെന്നാണ് നടി ശ്രീദേവികയുടെ വെളിപ്പെടുത്തൽ. സംവിധായകൻ തുളസീദാസ് രാത്രി ഹോട്ടൽ മുറിയിലെ കതകിൽ തുടർച്ചയായി മുട്ടി വിളിച്ചു. മൂന്നോ നാലോ ദിവസം കതകിൽ മുട്ടി. റിസപ്ഷനിൽ അറിയിച്ചപ്പോൾ സംവിധായകനാണ് മുട്ടിയതെന്ന് പറഞ്ഞുവെന്നും ശ്രീദേവിക പറഞ്ഞു.

തന്റെ അമ്മ സഹനടനോട് ഇക്കാര്യം പറഞ്ഞു. പിന്നീട് മറ്റൊരു മുറിയിലേക്ക് മാറേണ്ടി വന്നു. സെറ്റിലടക്കം വളരെ മോശമായി പെരുമാറിയ സംവിധായകൻ ഷോട്ടുകളും സംഭാഷണങ്ങളും വെട്ടിച്ചുരുക്കിയെന്നും അവ‍ർ പറഞ്ഞു. ദുരനുഭവം അറിയിച്ച് എഎംഎംഎക്ക് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ല. ഇതിന് പിന്നാലെയാണ് എഎംഎംഎക്കെതിരെ ശ്രീദേവിക രംഗത്തെത്തിയത്. എഎംഎംഎയിൽ പരാതി നൽകിയിട്ടും നീതി കിട്ടിയിട്ടില്ലെന്നും ശ്രീദേവിക ആരോപിച്ചു.

Related Posts

Leave a Reply