Kerala News

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് അട്ടിമറിയില്‍ അന്വേഷണം വേണമെന്ന് അതിജീവിതയുടെ സഹോദരന്‍

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ നിയമ വിരുദ്ധ പരിശോധനയുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് അതിജീവിതയുടെ സഹോദരന്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം. താരപദവിയുള്ള പെണ്‍കുട്ടിക്കാണ് ഇങ്ങനെ സംഭവിച്ചത്. അങ്ങനെയെങ്കില്‍ സാധാരണ പെണ്‍കുട്ടിക്കാണ് ഇത് സംഭവിച്ചതെല്ലെങ്കില്‍ എന്തായിരിക്കും അവസ്ഥയെന്ന് അതിജീവിതയുടെ സഹോദരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേസില്‍ ഇതുവരെ ഉണ്ടായതെന്നാണ് സഹോദരന്‍ ചൂണ്ടിക്കാട്ടുന്നത്. സത്യം എന്നും തനിച്ച് നില്‍ക്കും. പക്ഷേ നുണയ്ക്ക് എന്നും തുണവേണം. കേസ് ഒത്തുതീര്‍ത്തായി കൂടെയുള്ളവര്‍ പോലും പറഞ്ഞു പരത്തി. എല്ലാറ്റിനും ഉള്ള മറുപടിയാണ് കാലം വെളിപ്പെടുത്തിയത്. കേസില്‍ നീതിപീഠം ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നില്ലെന്നും ഇതില്‍ ദേഷ്യത്തെക്കാള്‍ ഉപരി വേദനയുണ്ടെന്നും അതിജീവിതയുടെ സഹോദരന്‍ പ്രതികരിച്ചു.

കേസില്‍ മെമ്മറികാര്‍ഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ടിനാധാരമായ സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. എറണാകുളം സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അതിജീവിതയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് ലഭിക്കേണ്ടതാണെന്നും അതിജീവിതയുടെ ആവശ്യം നിലനില്‍ക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതിജീവിതയുടെ മറ്റാവശ്യങ്ങളില്‍ മെയ് 30ന് വാദം കേള്‍ക്കും. മെമ്മറി കാര്‍ഡ് അട്ടിമറിയില്‍ രൂക്ഷമായി പ്രതികരിച്ച് അതിജീവിതയും രംഗത്തെത്തി. കോടതിയില്‍ പോലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ലെന്നും കോടതിയില്‍ നിന്ന് ദുരനുഭവം ഉണ്ടാകുമ്പോള്‍ തകരുന്നത് മുറിവേറ്റ മനുഷ്യരാണെന്നും സമൂഹമാധ്യമത്തില്‍ കുറിച്ചു. വിചാരണകോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അതിജീവിത തുറന്നടിച്ചു.

Related Posts

Leave a Reply