കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ മാര്‍ഗ നിര്‍ദേശം നല്‍കാനുള്ള അമിക്കസ് ക്യൂറിയായി നിയോഗിച്ച രഞ്ജിത് മാരാരെ സ്ഥാനത്ത് നിന്ന് ഒഴിവാക്കി. അമിക്കസ് ക്യൂറിയായി നിയമിച്ചത് ഒഴിവാക്കണമെന്ന് അഡ്വ. രഞ്ജിത് മാരാർ ആവശ്യപ്പെട്ടിരുന്നു. ഈ കേസുമായി സഹകരിക്കാന്‍ വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടെന്നും രഞ്ജിത് മാരാര്‍ കോടതിയെ അറിയിച്ചിരുന്നു.
രഞ്ജിത് മാരാരുടെ നിഷ്പക്ഷതയില്‍ സംശയമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. രഞ്ജിത്തും എട്ടാം പ്രതി ദിലീപുമായി സാമ്പത്തിക ഇടപാടുണ്ടെന്നും ദിലീപിനെ അനുകൂലിച്ച് രഞ്ജിത് മാധ്യമ ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും പ്രോസിക്യൂഷനും അതിജീവിതയും കോടതിയില്‍ പറഞ്ഞിരുന്നു. നടിയെ അക്രമിച്ച കേസില്‍ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ കേസിലെ വാദം കഴിഞ്ഞദിവസമാണ് ഹൈക്കോടതിയില്‍ നടന്നത്.
ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ മാര്‍ഗ്ഗ നിര്‍ദേശം വേണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു. ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് പങ്കുണ്ടോയെന്ന് ഹൈക്കോടതി ആരായുകയും ചെയ്തു. കോടതിയിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡിനുള്ളിലെ ദൃശ്യങ്ങളടങ്ങിയ എട്ട് ഫയലുകള്‍ ചോര്‍ന്നു എന്നതിന് ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ടിൽ സ്ഥിരീകരണമുണ്ട്. ഇത് സ്വകാര്യതയുടെ ലംഘനമാണ്. ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് മോഷണകുറ്റം നിലനില്‍ക്കുന്ന സംഭവമാണ്. മൂന്ന് തവണയാണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പകര്‍ത്തപ്പെട്ടത് എന്നുപോലും സംശയമുണ്ടെന്ന് നടിയുടെ അഭിഭാഷകന്‍ വാദിച്ചു.