Kerala News

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു

ദില്ലി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ ഹാജരായ രണ്ട് ഫൊറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്നാണ് പൾസർ സുനിയുടെ ആവശ്യം. പൾസർ സുനിയുടെ ആവശ്യം ഹൈകോടതി തള്ളിയതിനെ തുടർന്നാണ് ആവശ്യവുമായി സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് പൾസർ സുനിക്ക് വേണ്ടി ഹർജി ഫയൽ ചെയ്തത്.

ന‍ടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഏഴരവര്‍ഷത്തിനുശേഷമാണ് ജയിലില്‍ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിചാരണ കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. 2017 ജൂൺ 18നാണ് നടിയെ ആക്രമിച്ച കേസില്‍ സുനില്‍കുമാർ എന്ന പൾസർ സുനിയെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നൽകിയിരുന്നെങ്കിലും വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒന്നാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. മുഖ്യ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന് സർക്കാർ വാദിച്ചെങ്കിലും കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയത്. വിചാരണക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.

വിസ്താരം നീണ്ടുപോകുന്നതെന്തുകൊണ്ടെന്ന ചോദ്യം സുപ്രീം കോടതി സർക്കാരിനോട് ചോദിച്ചു. കേസിന്റെ സാക്ഷി വിസ്താരം ഉള്‍പ്പടെയുള്ള വിചാരണയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. എട്ടാംപ്രതി ദിലീപിന്റെ അഭിഭാഷകനാണ് വാദം നീട്ടുന്നതെന്നും പ്രൊസിക്യൂഷന്‍ പട്ടിക സഹിതം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത കഥകളാണ് എട്ടാംപ്രതി ദിലീപ് മെനയുന്നതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. വിസ്താരം ആവര്‍ത്തിച്ചും ദീര്‍ഘിപ്പിച്ചും തെളിവുകള്‍ക്കെതിരെ കഥകള്‍ മെനയുകയാണ് ദിലീപിന്റെ അഭിഭാഷകന്‍ എന്നുമാണ് സര്‍ക്കാരിന്റെ വാദം. അന്തിമ വാദത്തിനായി മാത്രം ഒരുമാസം വേണ്ടിവരുമെന്നുമാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം.

അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പി ബൈജു പൗലോസിനെ സുദീർഘമായി വിസ്തരിച്ചതാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. 109 ദിവസമാണ് ബൈജു പൗലോസിനെ വിസ്തരിച്ചത്. ഇതിൽ 90 ദിവസവും വിസ്തരിച്ചത് പ്രതി ദിലീപിൻറെ അഭിഭാഷകരാണ്. അതിജീവിതയെ ഏഴുദിവസം തുടർച്ചയായി വിസ്തരിച്ച കാര്യവും സത്യവാങ്മൂലത്തിൽ സർക്കാർ ഓർമിപ്പിക്കുന്നുണ്ട്. പ്രധാന സാക്ഷി ബാലചന്ദ്രകുമാറിനെ 35 ദിവസമാണ് വിസ്തരിച്ചത്. ഫോറൻസിക് ഉദ്യോഗസ്ഥരെ 20 ദിവസവും ദിലീപിന്റെ അഭിഭാഷകൻ വിസ്തരിച്ചു. അനാവശ്യമായി ദിലീപിൻ്റെ അഭിഭാഷകർ വിസ്താരം നീട്ടിക്കൊണ്ടുപോകുന്നു എന്ന പരാതി നേരത്തെയും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പ്രോസിക്യൂഷൻ തെളിവുകൾ ദുർബലമാക്കാനാണ് ദിലീപിന്റെ അഭിഭാഷകർ ശ്രമിക്കുന്നതെന്നും സർക്കാർ സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നു.

Related Posts

Leave a Reply