കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയം ഈ മാസം 31ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ വിചാരണ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജ് ഹണി എം വര്‍ഗ്ഗീസ് ഉടന്‍ സുപ്രീം കോടതിയെ സമീപിച്ചേക്കും. കേസില്‍ ഇതുവരെ 260 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയായത്. നടിയെ ആക്രമിച്ച കേസില്‍ ജഡ്ജ് ഹണി എം വര്‍ഗ്ഗീസിന്റെ അപേക്ഷയില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസമായിരുന്നു സുപ്രീം കോടതി അനുവദിച്ചത്. ഈ സമയ പരിധി ഈ മാസം 31 ന് അവസാനിക്കും. സാക്ഷി വിസ്താരം അന്തിമഘട്ടത്തിലാണെങ്കിലും വിചാരണ പൂര്‍ത്തീകരിക്കാന്‍ ഇനിയും സമയം വേണ്ടിവരും. ഈ സാഹചര്യത്തില്‍ വിചാരണക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ജഡ്ജ് ഉടന്‍ സുപ്രീം കോടതിയെ സമീപിച്ചേക്കും. കേസില്‍ മഞ്ജു വാര്യര്‍ ഉള്‍പ്പടെ 260 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പി ബൈജു പൗലോസിന്റെ വിസ്താരമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 2020 ജനുവരി മുപ്പതിനായിരുന്നു വിചാരണയുടെ തുടക്കം. വിചാരണക്കിടയില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പടെ 19 സാക്ഷികള്‍ മൊഴിമാറ്റി. വിചാരണ നീതിപൂര്‍വ്വമല്ലെന്ന് ആരോപിച്ച് രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചു. തുടര്‍ന്ന് അതിജീവിതയുടെ ആവശ്യപ്രകാരം വി അജകുമാറിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു.