ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. മൂന്നാർ കോളനിയിൽ മണ്ണടിച്ചിൽ സാധ്യതയുള്ളതിനാൽ പ്രദേശത്തെ കുടുംബങ്ങളെ പഴയ മൂന്നാർ സിഎസ്ഐ ഹാളിലേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. ദേവികുളം സബ് കളക്ടര്‍ വിഎം ജയകൃഷ്ണന്‍ ക്യാമ്പില്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ചു.
മഴ ശക്തമായതോടെ ഇടുക്കിയിലെ മലയോര മേഖലയിലൂടെയുള്ള രാത്രി യാത്രയും നിരോധിച്ചു. വൈകിട്ട് 7 മുതൽ പുലർച്ചെ ആറു വരെയാണ് നിയന്ത്രണം. മൂന്നാർ ഹെഡ് വർക്ക് ഡാമിൻറെ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തിയിട്ടുണ്ട്. മുതിരപ്പുഴയാർ തീരത്ത് ജാഗ്രത നിർദേശം നൽകി.